മാനന്തവാടി: ഭർത്താവുമായി വേർപിരിഞ്ഞുവെന്നു സമൂഹമാധ്യമങ്ങളിലൂടെ ചിലർ പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നു നിയോജകണ്ഡലം യുഡിഎഫ് സ്ഥാനാർഥി പി.കെ. ജയലക്ഷ്മി.
ഭർത്താവ് അനിൽകുമാറിനൊപ്പം വാർത്താസമ്മേളനത്തിലാണ് വ്യക്തിഹത്യയെ നിയമപരമായി നേരിടുമെന്നു അവർ വ്യക്തമാക്കിയത്.
തെരഞ്ഞെടുപ്പുരംഗത്തുള്ള ചിലർ പരാജയഭീതിമൂലമാണ് അപവാദം പ്രചരിപ്പിക്കുന്നത്. പട്ടികവർഗ സ്ത്രീ എന്ന പരിഗണനപോലും നൽകാതെയാണ് നവമാധ്യമങ്ങളിലൂടെ കടന്നാക്രമണം. ഇതിനെതിരെ സമൂഹം പ്രതികരിക്കണം. ഒരു സ്ത്രീക്കും ഇത്തരം ദുരനുഭവം ഉണ്ടാകരുത്.
യുഡിഎഫ് അധികാരത്തിൽ വന്നാൽ തൊണ്ടാർ ജലസേചന പദ്ധതി നടപ്പാക്കില്ലെന്നു ജയലക്ഷ്മി പറഞ്ഞു. ബഫർസോണ്‍ വിഷയത്തിൽ സിറ്റിംഗ് എംഎൽഎ മൗനത്തിലാണ്.
നിയോജകമണ്ഡലത്തിൽ കരടുവിജ്ഞാപനപ്രകാരം കൂടുതൽ പരിസ്ഥിതി ലോല മേഖലയുള്ളത് എംഎൽഎയുടെ പഞ്ചായത്തിലാണ്.
യുഡിഎഫ് ഭരണത്തിലെത്തിയാൽ ജനവാസകേന്ദ്രങ്ങളെ പരിസ്ഥിതി ലോല മേഖലയിൽനിന്നു നീക്കുന്നതിനു ശക്തമായി ഇടപെടും.
സൗകര്യങ്ങൾ ഒരുക്കാതെ ജില്ലാ ആശുപത്രിയെ താത്കാലികമായി മെഡിക്കൽ കോളജായി ഉയർത്തിയതിനെ എതിർക്കുന്നില്ലെന്നും ജയലക്ഷ്മി പറഞ്ഞു.
രാഷ്ട്രീയനേട്ടം മുൻനിർത്തിയാണ് തന്നിൽ ചിലർ ആർഎസ്എസ് ബന്ധം ആരോപിക്കുന്നതെന്നു ജയലക്ഷ്മിയുടെ ഭർത്താവ് അനിൽകുമാർ പറഞ്ഞു.
വർഷങ്ങളോളം ഒരു രാഷ്ട്രീയ പാർട്ടിയിലും പ്രവർത്തിക്കാത്ത താൻ നിലവിൽ കോണ്‍ഗ്രസുകാരനാണ്. ഭാര്യയും നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥിയുമായി ജയലക്ഷ്മിയുടെ വിജയത്തിനായി പ്രവർത്തിച്ചുവരികയാണ്.
ജയലക്ഷ്മി തവിഞ്ഞാൽ പഞ്ചായത്ത് മെംബറായിരുന്നപ്പോഴാണ് വിവാഹനിശ്ചയം നടന്നത്. അവർ മന്ത്രിയായിരുന്നപ്പോഴായിരുന്നു വിവാഹം.
ആർഎസ്എസ് ബന്ധം ഉണ്ടായിരുന്നയാളാണ് നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയും സിപിഎം നേതാവുമായ ഒ.ആർ. കേളു.
രാഷ്ട്രീയ സംസ്കാരം ഉള്ളതുകൊണ്ടാണ് യുഡിഎഫ് നേതാക്കളും പ്രവർത്തകരും അക്കാര്യം പാടിനടക്കാത്തത്.
വ്യക്തിഹത്യ നടത്താതെ തെരഞ്ഞടുപ്പിനെ രാഷ്ട്രീയമായി നേരിടാൻ എതിരാളികൾ തയാറാകണമെന്നും അനിൽകുമാർ ആവശ്യപ്പെട്ടു.
യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി നിരീക്ഷകൻ യു.ടി. ഖാദർ, തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായ സി.അബ്ദുൽഅഷറഫ്, പി.കെ. അസ്മത്ത്, എ. പ്രഭാകരൻ, വി.വി. നാരായണവാര്യർ എന്നിവർ കൂടെ ഉണ്ടായിരുന്നു.