തീവ്രവാദ ഭീഷണി! പി.കെ കൃഷ്ണദാസിന് ജനുവരി ഒന്നു മുതല്‍ കേന്ദ്ര സേനയുടെ വൈ കാറ്റഗറി സുരക്ഷ; സുരക്ഷ ഒഴിവാക്കണമെന്നു നേതാവ്

നവാസ് മേത്തര്‍
pk1

തലശേരി: ബിജെപി ദേശീയ സമിതി അംഗവും മുന്‍ സംസ്ഥാന പ്രസിഡന്റും തെലുങ്കാന സംസ്ഥാനത്തിന്റെ സംഘടനാ ചുമതലയുമുള്ള പി.കെ കൃഷ്ണദാസിന് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സുരക്ഷാ വിഭാഗം തലശേരിയിലെത്തി. ഒരു പ്രമുഖ തീവ്രവാദ സംഘടന പി.കെ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള നാല് നേതാക്കളെ ലക്ഷ്യമിട്ടിട്ടുള്ളതായി കേന്ദ്രരഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയതിനെ തുടര്‍ന്നാണ് കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് സുരക്ഷയൊരുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസം തലശേരിയിലെത്തി കേന്ദ്രസുരക്ഷ വിഭാഗം ഉദ്യോഗസ്ഥര്‍ കൃഷ്ണദാസിന്റെ തിരുവങ്ങാട്ടെ വീടും പരിസരവും പരിശോധിച്ചു. തുടര്‍ന്നു കൃഷ്ണദാസിന്റെ വീട്ടില്‍ നിന്നും ഏറ്റവും അടുത്തുള്ള ആശുപത്രി, ഫയര്‍ സ്റ്റേഷന്‍, പോലീസ് സ്‌റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള അകലം ഉള്‍പ്പെടെ രേഖപ്പെടുത്തിയ സംഘം കൃഷ്ണദാസിന്റെ രക്തഗ്രൂപ്പും ആരോഗ്യം സംബന്ധിച്ച വിവരങ്ങളും ചോദിച്ചറിഞ്ഞു. കൃഷ്ണദാസ് സ്ഥലത്തില്ലാതിരുന്നതിനാല്‍ ബിജെപി ജില്ലാ സെക്രട്ടറിയും കൃഷ്ണദാസിന്റെ അയല്‍വാസിയുമായ എന്‍.ഹരിദാസാണ് വിവരങ്ങള്‍ നല്കിയത്. സുരക്ഷാ കേന്ദ്ര സംഘം ജനുവരി ഒന്നിന് സുരക്ഷാ ചുമതല ഏറ്റെടുക്കുമെന്നാണ് അറിയുന്നത്.

വൈ കാറ്റഗറി സുരക്ഷയാണ് കൃഷ്ണദാസുള്‍പ്പെടെയുള്ള നേതാക്കള്‍ക്ക്  ഒരുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടിട്ടുള്ളത്. 11 പേരടങ്ങുന്ന സായുധ സംഘമാണ് വൈ കാറ്റഗറിയില്‍ സുരക്ഷക്കെത്തുക. തോക്കേന്തിയ മൂന്നംഗസംഘം കൃഷ്ണദാസിനോടൊപ്പവും മറ്റ് എട്ടുപേര്‍ വീട്ടിലുമാണ് കാവല്‍ നില്‍ക്കുക. കൃഷ്ണദാസിനോടൊപ്പമുള്ള മൂന്ന് പേരില്‍ ഒരാള്‍ യൂണിഫോമില്‍ സ്റ്റണ്‍ ഗണ്ണുമായി കൃഷ്്ണദാസിനോടൊപ്പം നടക്കുമ്പോള്‍ മറ്റ് രണ്ട് പേര്‍ മഫ്തിയില്‍ പിസ്റ്റളും കൈയില്‍ കരുതി ഒപ്പം സഞ്ചരിക്കും.

വീടിനു തൊട്ടടുത്തായി ടെന്റ് കെട്ടിയായിരിക്കും സുരക്ഷ ഉദ്യോഗസ്ഥര്‍ കഴിയുക. സിആര്‍പിഎഫ് ഭടന്‍മാരാണ് കാവലിനെത്തുകയെന്നാണ് അറിയുന്നത്. തലശേരിയിലെത്തിയ കേന്ദ്രസേന ഉദ്യോഗസ്ഥര്‍ കേരള പോലീസുമായി ചര്‍ച്ച നടത്തി. കേന്ദ്ര-സംസ്ഥാന രഹസ്യാന്വാഷണ വിഭാഗത്തിന്റെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പികളെ തുടര്‍ന്നാണ് പി.കെ.കൃഷ്ണദാസുള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് സുരക്ഷയൊരുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്.

എന്നാല്‍ 11 പേരടങ്ങുന്ന വൈ കാറ്റഗറി സുരക്ഷ തനിക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും അതു കൊണ്ട് സുരക്ഷ ഒഴിവാക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി പി.കെ കൃഷ്ണദാസ് രാഷ്്ട്രദീപികയോട് പറഞ്ഞു. വര്‍ഷങ്ങളായി ജനങ്ങള്‍ക്കൊപ്പമാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. തനിക്ക് ഭീഷണിയുണ്ടെന്ന് കുരുതുന്നില്ല. കേന്ദ്ര സുരക്ഷ വരുന്നതോടെ ജനങ്ങള്‍ക്കത് ബുദ്ധിമുട്ടാകും.നാട്ടിന്‍പുറത്തെ സാധാരണക്കാരായ ആളുകളുമായി ഇടപഴകി ജീവിക്കുന്ന തനിക്ക് ചുറ്റും സുരക്ഷ ഉദ്യാഗസ്ഥര്‍ വരുന്നതോടെ ജനങ്ങളുമായിട്ടുള്ള ഇടപെടലിന് തടസമാകുമെന്ന് കരുതുന്നതായും കൃഷ്ണദാസ് പറഞ്ഞു.

സുരക്ഷ ഒഴിവാക്കണമെന്ന കൃഷ്ണദാസിന്റെ ആവശ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം തള്ളി. എന്നാല്‍ വീണ്ടും ഇതേ ആവശ്യമുന്നയിച്ച് കൃഷ്ണദാസ് ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നല്‍കിയിട്ടുണ്ട്. ഇതോടെ വൈ ഗാറ്റഗറിയില്‍ നിന്നും എക്‌സ് കാറ്റഗറിയിലേക്ക് സുരക്ഷ സംവിധാനം മാറ്റാനുള്ള ആലോചന അധികൃതര്‍ നടത്തുന്നതായിട്ടാണ് അറിയുന്നത്. എക്‌സ് കാറ്റഗറി സുരക്ഷയിലേക്ക് മാറിയാല്‍ മൂന്ന് സായുധ സേനയാണ് കാവലുണ്ടാകുക. 1998 മുതല്‍ 2001 വരെ കേരള പോലീസ് കൃ്ണദാസിന് സുരക്ഷയൊരുക്കിയിരുന്നു.പിന്നീട് കൃഷ്ണദാസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേരള സര്‍ക്കാര്‍ പോലീസിനെ പിന്‍വലിക്കുകയായിരുന്നു.

കോഴിക്കോട് നടന്ന ബിജെപി ദേശീയസമ്മേളനത്തിന്റെ ഭാഗമായി കേന്ദ്ര രഹസ്യാന്വാഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ബിജെപി നേതാക്കളായ കുമ്മനം രാജശേഖരന്‍, പി.കെ കൃഷ്ണദാസ്, കെ.സുരേന്ദ്രന്‍, എം.ടി രമേശ് എന്നിവര്‍ക്ക് തീവ്രവാദ സംഘടനകളില്‍ നിന്നും ഭീഷണിയുള്ളതായി കണ്ടെത്തിയത്.

Related posts