എം.ജെ. ശ്രീജിത്ത്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞടുപ്പിൽ ഘടകകകക്ഷികൾക്കു നൽകുന്ന സീറ്റുകളെ സംബന്ധിച്ചു യുഡിഎഫിൽ ഏകദേശ ധാരണ. ലീഗിനു പുതുതായി രണ്ടു സീറ്റുകൾ നൽകും. നിലവിൽ മുസ്ലിം ലീഗ് 24 മീറ്റിലാണ് മത്സരിക്കുന്നത്. ഘടകകക്ഷികളിൽ കോൺഗ്രസ് കഴിഞ്ഞാൽ ലീഗിനു മാത്രമാണ് ഇത്തവണ കൂടുതൽ സീറ്റുകൾ ലഭിക്കുക.
പുതുതായി രണ്ടു സീറ്റുകൾ നൽകുന്നതോടെ ലീഗ് 26 സീറ്റുകളിൽ മത്സരിക്കും. മലബാർ മേഖലയിൽ തന്നെയായിരിക്കും പുതുതായി സീറ്റുകൾ നൽകുക. ഇതിനു പുറമേ ഫോർവേഡ് ബ്ലോക്കിന് ഒരു സീറ്റ് നൽകും .
അതു കൊല്ലം ജില്ലയിലായിരിക്കും.ആർ എസ് പി യും കേരളകോൺഗ്രസ് ജേക്കബും കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടെങ്കിലും നൽകില്ല. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനു പരമാവധി ഏഴു സീറ്റുകളേ നൽകുകയുള്ളൂ. കഴിഞ്ഞ തവണ മാണി വിഭാഗം ഉത്സരിച്ചത് 15 സീറ്റുകളിലാണ് അത്രയും തന്നെ വേണമെന്ന നിലപാടിലാണ് ജോസഫ് വിഭാഗം.
എന്നാൽ, ജോസ്.കെ.മാണിയും കൂട്ടരും യു ഡിഎഫ് വിട്ടതോടെ അത്രയും സീറ്റുകൾ നൽകാൻ പറ്റില്ലെന്ന ഉറച്ച നിലപാട് കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ ജോസഫ് വിഭാഗത്തിനെ കോൺഗ്രസ് അറിയിച്ചു. എന്നാൽ, മുൻ നിലപാടിൽ ജോസഫ് അയവു വരുത്തിയിട്ടില്ല.
പി.സി തോമസിനെയും പി.സി ജോർജിനെയും മുന്നണിയിൽ എടുക്കില്ല എന്ന കാര്യത്തിനും തീരുമാനമായി. എന്നാൽ, പി.സി ജോർജിനു പൂഞ്ഞാറിൽ പുറത്തുനിന്നു പിന്തുണ കൊടുക്കുന്ന കാര്യത്തിൽ ചർച്ചകൾ നടന്നുവരികയാണ്.
മാണി വിഭാഗം മത്സരിച്ച ചില സീറ്റുകൾ ഏറ്റെടുക്കാനും വച്ചുമാറാനും ചർച്ചകൾ നടക്കുകയാണ്. ലീഗിന് ഒഴികെ മറ്റാർക്കും ഇക്കുറി കൂടുതൽ സീറ്റുകൾ ലഭിക്കില്ലെന്ന കാര്യത്തിൽ ചർച്ചകളുടെ പൊതുസ്വഭാവം വച്ച് ഉറപ്പാണ്.
സി. പി ജോൺ മത്സരിക്കുന്ന കുന്നംകുളം കോൺഗ്രസ് ഏറ്റെടുത്ത ശേഷം വിജയ സാധ്യത കൂടുതലുള്ള മറ്റൊരു സീറ്റ് നൽകുന്ന കാര്യം യു ഡി എഫ്- കോൺഗ്രസ് നേതൃത്വങ്ങൾ ഗൗരവമായി പരിശോധിച്ചുവരികമാണ്.