മലപ്പുറം: കേരളത്തിനകത്തും പുറത്തും പൗരത്വഭേദഗതിക്കെതിരെ നടക്കുന്ന ശക്തമായ പ്രക്ഷോഭം കേന്ദ്രസർക്കാരിന്റെ കണ്ണു തുറപ്പിക്കാൻ മാത്രം ശക്തമാണെന്നും നിയമം പിൻവലിക്കും വരെ സമരമുഖത്തുണ്ടാകുമെന്നും മുസ്്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാണക്കാട് ചേർന്ന മുസ്ലിംലീഗ് നിയമസഭാ പാർട്ടിയുടെയും ഉന്നതാധികാര സമിതിയുടെയും സംയുക്ത യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ മതേതര മനസ് ഈ നിയമനത്തിനെതിരെ ഒറ്റക്കെട്ടായാണ് പ്രതിഷേധമുയർത്തിയത്. ബിജെപിയുടെ ശക്തികേന്ദ്രങ്ങളിൽ നിന്നുപോലുമുയർന്ന പ്രതിഷേധം കേന്ദ്രത്തിനു പതർച്ചയുണ്ടാക്കിയിട്ടുണ്ട്. യുപിയിൽ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ നടക്കുന്നു. ഈ സമരം അണയാൻ പാടില്ല. നിയമം പിൻവലിക്കുംവരെ തുടരണം. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കുന്നതിനുള്ള സമരമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ അഖണ്ഡതയോളം പ്രധാനപ്പെട്ടതാണ് നമ്മുടെ ഭരണഘടനയും. ഇന്ന് മതം നാളെ ഭാഷ, ദേശം എന്നീ അടിസ്ഥാനത്തിൽ വിഭജിക്കാനുള്ളതല്ല രാഷ്ട്രം. രാജ്യത്തിന്റെ അഖണ്ഡതക്ക് കോട്ടം വരുത്തുന്ന കേന്ദ്രസർക്കാരിന്റെ ഈ നിയമനത്തിനെതിരെ മുസ്്ലിംലീഗ് ഒറ്റക്കും മതേതരകക്ഷികളുമായി ചേർന്നും ശക്തമായ പ്രക്ഷോഭപരിപാടികളാണ് സംഘടിപ്പിച്ചത്.
യുഡിഎഫ് നേതൃത്വം നൽകുന്ന പ്രതിഷേധ മഹാസംഗമം 18 ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്നുണ്ട്. കബിൽസിബൽ ഉൾപ്പടെയുള്ള ദേശീയ നേതാക്കളും യുഡിഎഫിന്റെ സംസ്ഥാന നേതാക്കളും ഈ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കും. ഇതുവരെയുള്ള പ്രക്ഷോഭങ്ങൾ സംബന്ധിച്ചും ഭാവി പരിപാടികൾ സംബന്ധിച്ചും യോഗത്തിലെടുത്ത തീരുമാനങ്ങൾ കോണ്ഗ്രസുമായി സംസാരിക്കും. ലീഗിന്റെ നേതാക്കൾ, എംപിമാർ തുടങ്ങിയവർ ഡൽഹിയൽ സന്ദർശനം നടത്തി ദേശീയ നേതാക്കളുമായി ചർച്ച ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സ്വതന്ത്ര്യത്തിനു ശേഷം രാജ്യംകണ്ട ഏറ്റവും വലിയ വിദ്യാർഥി പ്രക്ഷോഭമാണ് സർവകലാശാലകളിൽ നിന്നുയർന്നു വന്നത്. ലോകത്ത് വലിയ മാറ്റങ്ങളുടെ ചാലകശക്തിയാകാൻ വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഈ സമരങ്ങളെ തുടക്കത്തിലെ നുള്ളിക്കളയാനാണ് ബിജെപി ശ്രമിക്കുന്നത്.
ജഐൻയുവിൽ മുഖമൂടിയണിഞ്ഞെത്തിയവർ നടത്തിയ അതിക്രമങ്ങൾ അപലപനീയമാണ്. ഫീസ് വർധനവിനെതിരെ ശക്തമായ സമരമാണ് ജഐൻയുവിൽ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്. അക്രമകാരികൾക്കെതിരെ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്്ലിംലീഗിന്റെ നേതാക്കൾ ഡൽഹിയിലെത്തി വിദ്യാർഥിനേതാക്കളുമായി സംസാരിക്കുമെന്നും അദ്ദേഹം അറിയിച്ചു.അമിത്ഷാ കേരളത്തിലെത്തുന്ന 15 ന് മുസ്്ലിം യൂത്ത്ലീഗ് നടത്തുന്ന പ്രതിഷേധ പരിപാടി ചർച്ച ചെയ്ത് മാറ്റിവയ്ക്കാൻ നിർദേശിച്ചിട്ടുണ്ട്. സംഘർഷം മാത്രമാണ് ബിജെപിയുടെ ലക്ഷ്യം. അതൊഴിവാക്കാൻ സമരം മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാൻ യൂത്ത്ലീഗ് നേതാക്കളുമായി ചർച്ച ചെയ്താണ് തീരുമാനമെടുത്തതെന്നും നേതാക്കൾ പറഞ്ഞു.
മുസ്്ലിം ലീഗ് ഉന്നതാധികാര സമിതി നേതാക്കളുടെയും നിയമസഭാ പാർട്ടിയുടെയും സംയുക്ത യോഗത്തിൽ സയ്യിദ് ഹൈരലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് സ്വാഗതം പറഞ്ഞു.
ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി, ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എംപി, ട്രഷറർ പി.വി അബ്ദുൽ വഹാബ് എംപി, സീനിയർ വൈസ് പ്രസിഡന്റ്് എം. പി അബ്ദുസമദ് സമദാനി, എൽഎമാരായ ആബിദ് ഹുസൈൻ തങ്ങൾ, എൻ. ഷംസുദീൻ, എം.സി ഖമറുദീൻ, പാറക്കൽ അബ്ദുള്ള, പി. അബ്ദുൽ ഹമീദ്, ടിവി ഇബ്രാഹിം, പി.കെ ബഷീർ, പി.കെ അബ്ദുറബ്, പി.ഉബൈദുള്ള, സി.മമ്മുട്ടി, എം.ഉമ്മർ, കെ.എൻ.എ ഖാദർ, മഞ്ഞളാം കുഴി അലി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.