മലപ്പുറം: യാഥാർത്ഥ്യ ബോധമില്ലാത്ത സർവേഫലങ്ങളാണ് പുറത്ത് വരുന്നതെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്നും മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.
യുഡിഎഫ് ക്യാന്പുകളെല്ലാം വർധിത ആവേശത്തിലാണ്. എന്നാൽ പ്രവർത്തകരെ നിരാശരാക്കാനുള്ള ശ്രമങ്ങളാണ് അണിയറയിൽ നടക്കുന്നതെന്നും അദ്ദേഹം മലപ്പുറത്തു മാധ്യമങ്ങളോടു പറഞ്ഞു. സ്ഥാനാർതികളെ നിർണയിക്കുന്നതിന് മുന്പ് തന്നെ പല മാധ്യമങ്ങളും സർവേ ആരംഭിച്ചിരുന്നു.
എൽഡിഎഫ് തയ്യാറാക്കി നൽകിയ തിരക്കഥകൾക്ക് അനുസരിച്ചാണ് കാര്യങ്ങളെല്ലാം നടന്നത്.ഇതിനെ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. സർവേയെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുന്നത് മണ്ഡലങ്ങളെക്കുറിച്ച് യാതൊരു ബോധ്യവും ഇല്ലാത്തവരാണ്.
ഇത്തരം സർവേകൾക്കായി പണം നൽകാൻ യുഡിഎഫിന്റെ കൈയ്യിൽ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് രാഹുൽ ഗാന്ധി മത്സരിച്ച വയനാട്ടിൽ ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുന്നതെന്നാണ് അന്നത്തെ പല മാധ്യമ സർവ്വെകൾ പറഞ്ഞിരുന്നത്.
എന്നാൽ ഫലം വന്നപ്പോൾ കാര്യങ്ങൾ മാറിച്ചായി. ആ സർവേ മാത്രം കണ്ടാൽ മതി സർവേയുടെ നിലവാരം അറിയാൻ. സർവേ കണ്ട് യുഡിഎഫ് പ്രവർത്തകർ നിരാശരാകുമെന്ന് ആരും ധരിക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫിന്റെ ഉറച്ച സീറ്റുകളിൽ പോലും എൽഡിഎഫ് വിജയിക്കുമെന്നാണ് പല മാധ്യമങ്ങളുടെയും സർവേഫലങ്ങൾ. ഇതിൽ ബോധപൂർവമായ ഗൂഢാലോചനയുണ്ട്.
മാധ്യമങ്ങൾ പ്രചാരണം നിരീക്ഷിച്ച് അഭിപ്രായങ്ങൾ പറയണം. ജനങ്ങളുടെ അവകാശം കയ്യിലെടുക്കരുത്. എൻഡിഎ സ്ഥാനാർഥികളുടെ പത്രിക തള്ളിയതിൽ പന്തികേടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.