പാനൂർ(കണ്ണൂർ): പാനൂർ മേഖലയിൽ സിപിഎമ്മിലെ അവസാനവാക്കായിരുന്നു ഇന്നലെ നിര്യാതനായ പടിഞ്ഞാറെ കുഞ്ഞിക്കാട്ടിൽ കുഞ്ഞനന്തൻ (72) എന്ന പി.കെ.കുഞ്ഞനന്തൻ.
ഏരിയാ കമ്മിറ്റിയിലായിരുന്നു പ്രവർത്തനമെങ്കിലും എല്ലാക്കാലത്തും സിപിഎമ്മിന്റെ ഉന്നത നേതാക്കളുമായി അഭേദ്യമായ ബന്ധമായിരുന്നു കുഞ്ഞനന്തന്. 1980ൽ പാനൂർ ഏരിയാ കമ്മിറ്റി നിലവിൽ വന്നത് മുതൽ അംഗമായിരുന്നു.
1970 ഓടെ പാർട്ടി അംഗത്വത്തിൽ വന്ന കുഞ്ഞനന്തൻ 15 വർഷത്തോളം കുന്നോത്തുപറമ്പ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിച്ചു. കർഷക തൊഴിലാളി യൂണിയൻ പാനൂർ ഏരിയാ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
പാനൂർ മേഖലയിൽ അക്രമരാഷ്ട്രീയം ചർച്ച ചെയ്യുമ്പോഴെല്ലാം കുഞ്ഞനന്തൻ ആരോപിതനായിരുന്നു. നിരവധി തവണ രാഷ്ട്രീയ എതിരാളികൾ കുഞ്ഞനന്തനെ കുടുക്കാൻ ശ്രമിച്ചെങ്കിലും ഒടുവിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ഗുഢാലോചനയിൽ പ്രതി ചേർക്കപ്പെട്ട് ശിക്ഷിക്കപ്പെടുകയായിരുന്നു.
പ്രതി ചേർക്കപ്പെട്ടപ്പോൾ ദിവസങ്ങളോളം ഒളിവിൽ പോയ കുഞ്ഞനന്തൻ ഒടുവിൽ പോലീസിനെ വെട്ടിച്ച് തലശേരി കോടതിയിൽ കീഴടങ്ങുകയായിരുന്നു. ചന്ദ്രശേഖരൻ വധക്കേസിൽ പതിമൂന്നാം പ്രതിയായി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിട്ടും സിപിഎം അദ്ദേഹത്തെ ഒരിക്കലും തള്ളിപ്പറഞ്ഞിരുന്നില്ല.
ജയിൽവാസത്തിനിടെ പാനൂർ ഏരിയാ കമ്മിറ്റിയംഗമായി വീണ്ടും തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തു. ദീർഘകാലമായി അസുഖബാധിതനായിരുന്ന കുഞ്ഞനന്തൻ ചികിത്സയ്ക്കായി ജാമ്യത്തിലായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഇന്നലെ രാത്രി 9.30ഓടെയായിരുന്നു അന്ത്യം.
ഇതിനു മുന്പും വിവിധഘട്ടങ്ങളിലായി കുത്തുപറമ്പ്, കണ്ണൂർ സബ് ജയിലുകളിൽ റിമാൻഡ് പ്രതിയായി ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവും മുൻ കുന്നോത്തുപറമ്പ് പഞ്ചായത്തംഗവുമായ ശാന്തയാണ് ഭാര്യ. മക്കൾ: ശബ്ന (അധ്യാപിക ടിപിജി മെമ്മോറിയൽ യൂപി സ്കൂൾ കണ്ണംങ്കോട്), ഷിറിൽ (ഖത്തർ). മരുമക്കൾ: മനോഹരൻ (തുവ്വക്കുന്ന്) നവ്യ (അധ്യാപിക, പാറേമ്മൽ യുപി സ്കൂൾ, കടവത്തൂർ). സഹോദരങ്ങൾ: പി.കെ.നാരായണൻ (റിട്ട. മുഖ്യാധ്യാപകൻ, ടിപിജി മെമ്മേറിയൽ യുപി സ്കൂൾ, കണ്ണംകോട്), പരേതനായ ബാലൻ നായർ.