കണ്ണൂർ: കണ്ണൂർ കോർപറേഷൻ പിടിക്കാൻ യുഡിഎഫിന്റെ അണിയറ നീക്കങ്ങൾ സജീവം. ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷുമായി യുഡിഎഫ് നേതാക്കൾ രണ്ടു തവണ ചർച്ച നടത്തി. കെ.സുധാകരൻ എംപിയുടെ നേതൃത്വത്തിലാണ് ചർച്ച നടത്തിയത്. വിദേശത്തായിരുന്ന മുസ്ലിം ലീഗ് കൗൺസിലർ ചാത്തോത്ത് നസ്റത്ത് വോട്ടെടുപ്പിൽ പങ്കെടുക്കാൻ ദുബായിൽ നിന്നും നാളെയെത്തും.
മേയർക്കെതിരേ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന്മേലുള്ള ചർച്ചയും വോട്ടെടുപ്പും 17 നാണ് നടക്കുന്നത്. രാവിലെ ഒൻപത് മുതലാണ് ചർച്ച. കളക്ടറുടെ അധ്യക്ഷതയിലാണ് അവിശ്വാസ പ്രമേയത്തിൻമേൽ ചർച്ച നടത്തുന്നത്. നാലുമണിക്കൂർ നീണ്ടുനിൽക്കുന്ന ചർച്ചയ്ക്കു ശേഷമായിരിക്കും വോട്ടെടുപ്പ്. കൗൺസിലിലെ മൊത്തം അംഗസംഖ്യയിലെ ഭൂരിപക്ഷമാണ് അവിശ്വാസപ്രമേയം പാസാകാൻ പരിഗണിക്കുക.
കണ്ണൂർ കോർപറേഷന് ആകെ 55 അംഗങ്ങളാണുള്ളത്. അതിൽ 28 വോട്ടുകൾ ലഭിക്കണം. കഴിഞ്ഞദിവസം എൽഡിഎഫിന്റെ ഒരു കൗൺസിലർ മരിച്ചിരുന്നു. നാലുമണിക്കൂർ നീണ്ടുനിൽക്കുന്ന ചർച്ചയ്ക്കു ശേഷമായിരിക്കും വോട്ടെടുപ്പ്. അവിശ്വാസപ്രമേയം പാസായാൽ മൂന്നാഴ്ചയ്ക്കകം പുതിയ മേയറെ തെരഞ്ഞെടുക്കും. അതുവരെ ഡെപ്യൂട്ടി മേയർക്കായിരിക്കും ചുമതല.