കണ്ണൂർ: കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ പി.കെ രാഗേഷ് വിജയിച്ചു. ഇന്നു രാവിലെ 11 ഓടെ കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ ടി.വി. സുഭാഷിന്റെ മേൽനോട്ടത്തിലായിരുന്നു വോട്ടെടുപ്പ്.
11.10 ഓടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വോട്ടെടുപ്പ് നടന്ന കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും പുറത്ത് പോലീസിനെ വിന്യസിച്ചിരുന്നു. യുഡിഎഫ് സ്ഥാനാർഥിയായ പി.കെ.രാഗേഷിന് 28 വോട്ടുകൾ ലഭിച്ചപ്പോൾ എതിർ സ്ഥാനാർഥിയായി മത്സരിച്ച എൽഡിഎഫിലെ വെള്ളോറ രാജന് 27 വോട്ടുകൾ ലഭിച്ചു.
55 അംഗ കൗൺസിലർമാരാണ് കണ്ണൂർ കോർപറേഷനിൽ ഉള്ളത്. ഇതിൽ എൽഡിഎഫിന് 27ഉം യുഡിഎഫ് 28 ഉം കൗൺസിലർമാരാണ് ഉള്ളത്. ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി വിജയിച്ചതോടെ മേയർ സുമാ ബാലകൃഷ്ണൻ ഇന്ന് രാജി വയ്ക്കും. മുസ്ലിംലീഗുമായുള്ള ധാരണ പ്രകാരമാണ് രാജി. ലീഗിലെ സി.സീനത്തായിരിക്കും പുതിയ മേയർ.
കോർപറേഷൻ ഭരണത്തിന്റെ ആദ്യഘട്ടത്തിൽ മുസ്ലിംലീഗിന്റെ സി.സമീറായിരുന്നു ഡെപ്യൂട്ടിമേയർ. സ്വതന്ത്രനായി ജയിച്ച പി.കെ.രാഗേഷ് വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്നപ്പോൾ വോട്ട്നില 27-27. പിന്നീട് നറുക്കെടുപ്പിലൂടെ സി.സമീർ ഡെപ്യൂട്ടി മേയറായി.
പിന്നീട് പി.കെ.രാഗേഷിന്റെ സഹായത്തോടെ അവിശ്വാസ പ്രമേയത്തിൽ എൽഡിഎഫ് സമീറിനെ പുറത്താക്കി. എൽഡിഎഫ് സഹായത്തോടെ പി.കെ. രാഗേഷ് ഡെപ്യൂട്ടി മേയറായി. രാഗേഷ് തിരികെ കോൺഗ്രസിൽ എത്തിയതോടെ ലീഗ് വിമതന്റെ സഹായത്തോടെ എൽഡിഎഫ് അവിശ്വാസ പ്രമേയത്തിലൂടെ രാഗേഷിനെ പുറത്താക്കുകയായിരുന്നു.
ഡെപ്യൂട്ടി മേയറില്ലാതെ രണ്ടുമാസത്തിന് ശേഷമാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്.നവംബറിൽ കോർപറേഷന്റെ ഭരണകാലാവധി അവസാനിപ്പിക്കും.