മലയാള സിനിമയുടെ ആദ്യ നടിയായ പി.കെ. റോസിയുടെ പേരിൽ ഫിലിം സൊസൈറ്റി രൂപീകരിക്കാനൊരുങ്ങി വിമെൻ ഇൻ സിനിമ കളക്ടീവ്. സംഘടനയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇതിനെക്കുറിച്ച് അറിയിച്ചത്.
1928ൽ പുറത്തിറങ്ങിയ വിഗതകുമാരൻ എന്ന നിശബ്ദ ചിത്രത്തിൽ അഭിനയിച്ചു എന്ന ഒരൊറ്റക്കാരണത്താൽ നാടുകടത്തപ്പെട്ട ദളിത് സ്ത്രീയാണ് പി.കെ. റോസി. സിനിമ ചരിത്രത്തിൽ നിന്ന് ലിംഗ, ജാതി, മത, വംശ, സ്ഥല, വർണസ്വത്വങ്ങളാൽ മാറ്റി നിർത്തപ്പെട്ടവരോടൊപ്പം നിൽക്കാനും അതിനെക്കുറിച്ച് സംസാരിച്ച് തുടങ്ങുവാനുമുള്ള ഒരെളിയ ശ്രമമാണ് ഈ ഫിലിം സൊസൈറ്റികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിസൈനർ സോയ റിയസാണ് സൊസൈറ്റിയുടെ ലോഗോ രൂപകൽപ്പന ചെയ്തിരിക്കുന്നത്.