പാലക്കാട്: ലൈംഗിക പീഡന കേസിൽ ആരോപണ വിധേയനായ ഷൊർണൂർ എംഎൽഎ പി.കെ ശശിയും മന്ത്രി എ.കെ ബാലനും ഇന്ന് പാർട്ടിയുടെ ഒരേ വേദിയിൽ. സിപിഐയിൽ നിന്നും രാജിവെച്ച് സിപിഎമ്മിൽ ചേർന്ന പ്രവർത്തകർക്ക് തച്ചന്പാറയിൽ നല്കുന്ന സ്വീകരണ യോഗത്തിലാണ് രണ്ടുപേരും വേദി പങ്കിടുക. ഇന്നു വൈകുന്നേരം യോഗം. മന്ത്രി ബാലനാണ് പരിപാടിയുടെ ഉദ്ഘാടകൻ.
ഉദ്ഘാടന സമ്മേളനത്തിലും തുടർന്ന് നടക്കുന്ന റാലിയിലും മന്ത്രിയും ശശിയും പൂർണസമയവും പങ്കെടുക്കും. ശശിക്കെതിരായ ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയിൽ അന്വേഷണം നടത്തുന്ന കമ്മീഷൻ സംഘാംഗം കൂടിയാണ് മന്ത്രി ബാലൻ.
അന്വേഷണം നടന്നുകൊണ്ടിരിക്കുന്പോൾ ഇരുവരും വേദി പങ്കിടുന്നത് സംബന്ധിച്ച് പാർട്ടിക്കുള്ളിലെ ഒരു വിഭാഗത്തിന് കടുത്ത എതിർപ്പുണ്ട്. അതേസമയം ശശിക്കെതിരായ പാർട്ടി അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഇപ്പോൾ ആരോപണ വിധേയൻ മാത്രമാണ് അദ്ദേഹമെന്നുമാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. ശശിക്കെതിരെ ഒരു തരത്തിലുള്ള വിലക്കും പാർട്ടിയിലില്ലെന്നും ജില്ലാ നേതൃത്വം വ്യക്തമാക്കി.
പാർട്ടി പരിപാടികളിൽ ആരോപണ വിധേയനായ ശശി സജീവമാകുന്നതിൽ കഴിഞ്ഞ ജില്ലാ കമ്മിറ്റിയിൽ ഒരു വിഭാഗം ശക്തമായ എതിർപ്പ് ഉയർത്തിയിരുന്നു. ലൈംഗികപീഡന കേസിൽ ആരോപണവിധേയനായ വ്യക്തി പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നത് പൊതുസമൂഹത്തിന് പാർട്ടിയെക്കുറിച്ച് തെറ്റായ സന്ദേശം നല്കുമെന്നാണ് അവർ വാദിച്ചത്. പീഡനാരോപണ സംഭവത്തിൽ പാർട്ടി ശശിയോടൊപ്പമാണെന്ന സന്ദേശമായും ഒരു വിഭാഗം വേദി പങ്കിടലിനെ കാണുന്നുണ്ട്.