പാലക്കാട്: ലൈംഗികാരോപണം നേരിടുന്ന ഷൊർണൂർ എംഎൽഎ പി.കെ. ശശിയുടെ പൊതുപരിപാടികൾ റദ്ദാക്കി. ഷൊർണൂർ മണ്ഡലത്തിലെ ഉദ്ഘാടന പരിപാടികളാണ് റദ്ദാക്കിയിരിക്കുന്നത്. അനാരോഗ്യം കാരണമാണ് പരിപാടികൾ റദ്ദാക്കിയതെന്നാണ് വിശദീകരണം.
പി.കെ. ശശിയോട് പ്രകോപനപരമായ പ്രസ്താവനകൾ അവസാനിപ്പിക്കാൻ സിപിഎം നേരത്തെ നിർദേശം നൽകിയിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനുശേഷമാണ് ശശിക്ക് താക്കീത് രൂപേണ നിർദ്ദേശം നൽകിയത്.
ശശിക്കെതിരായ പരാതിയെക്കുറിച്ച് അന്വേഷിക്കാൻ സിപിഎം എ.കെ. ബാലൻ, പി.കെ. ശ്രീമതി എന്നിവരെ നിയോഗിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശശിയുടെ പൊതുപരിപാടികൾ റദ്ദാക്കിയത്. വെള്ളിയാഴ്ച ശശിക്കെതിരെ യുവമോർച്ചയും യൂത്ത് കോണ്‍ഗ്രസും പ്രതിഷേധ മാർച്ചുകൾ നടത്തിയിരുന്നു.