ഷൊർണൂർ: സമീപകാലത്തു ചാരംമൂടിക്കിടന്ന, സിപിഎമ്മിനുള്ളിലെ വിഭാഗീയത പി.കെ. ശശി എംഎൽഎയുടെ തിരിച്ചുവരവോടെ കൂടുതൽ സങ്കീർണമാകുമെന്നു സൂചന. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരിക്കെ, ഡിവൈഎഫ്ഐ വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിന്മേൽ സസ്പെൻഷൻ നേരിട്ട പി.കെ. ശശി ജില്ലാ കമ്മിറ്റിയിലേക്കാണ് തിരിച്ചെത്തിയിട്ടുള്ളത്. പാർട്ടി സംസ്ഥാനകമ്മിറ്റിയാണ് കഴിഞ്ഞദിവസം ഈ തീരുമാനമെടുത്തത്.
ആറുമാസത്തേക്കു സിപിഎമ്മിൽനിന്നു സസ്പെൻഷനിലായ പി.കെ. ശശി ശക്തനായിത്തന്നെയാണ് തിരിച്ചുവരുന്നത്. ജില്ലാ സെക്രട്ടേറിയറ്റിൽ ഇല്ലെങ്കിലും ജില്ലാ കമ്മറ്റി അംഗമായാണ് ശശിയുടെ പുനഃപ്രവേശം. പാർട്ടിക്കുള്ളിൽ ചിലർ ശശിയെ ഒതുക്കുന്നതിന്റെ ഭാഗമായി ഡിവൈഎഫ്ഐ നേതാവായ യുവതിയെക്കൊണ്ട് പാർട്ടിക്കു പരാതി കൊടുപ്പിച്ചു എന്നാണ് ശശിയുടെ അടുപ്പക്കാർ കരുതുന്നത്.
ശിക്ഷാകാലാവധി കഴിഞ്ഞു മടങ്ങിയെത്തുന്ന ശശി തനിക്കെതിരേ ഗൂഢാലോചന നടത്തുകയും പാർട്ടിയിൽനിന്നു തന്നെ പുറത്താക്കാൻ കരുക്കൾ നീക്കുകയും ചെയ്തവർക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന കാര്യം ഉറപ്പാണ്. എന്നാൽ, ഇതിനെതിരേ മറുപക്ഷവും ശക്തമായ പ്രതിരോധം തീർക്കും. ഇതോടുകൂടി സിപിഎമ്മിനുള്ളിൽ വൻ പൊട്ടിത്തെറി ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്.
ജില്ലയിൽ ശക്തമായിരുന്ന വിഎസ് പക്ഷം നിർജീവമായതോടുകൂടിയാണ് ഒൗദ്യോഗിക പക്ഷത്തിനുള്ളിൽതന്നെ കുറുമുന്നണി രൂപപ്പെട്ടത്. അതേസമയം, പി.കെ. ശശിക്കെതിരേ പരാതി നല്കിയ യുവതി സംഘടനയിൽനിന്നു പുറത്താകുകയും കുറ്റക്കാരനായി പാർട്ടി കണ്ടെത്തിയ പി.കെ. ശശി സംഘടനയ്ക്കുള്ളിൽ പൂർവാധികം ശക്തിയോടുകൂടി തിരിച്ചെത്തുകയും ചെയ്യുന്ന വിരോധാഭാസമാണ് ദൃശ്യമാവുന്നത്.
പി.കെ. ശശിക്കെതിരേ യുവതിക്കൊപ്പം നിലയുറപ്പിച്ചതിന്റെ പേരിൽ ഡിവൈഎഫ്ഐ നേതൃനിരയിലുണ്ടായിരുന്ന ചിലരെ സമീപകാലത്ത് നേതൃപദവികളിൽനിന്ന് ഒഴിവാക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് യുവതിയും സംഘടനാ നേതൃപദവി ഉപേക്ഷിച്ചുവെന്നാണ് പറയപ്പെടുന്നത്.
പി.കെ. ശശിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് യുവതിക്കൊപ്പം നിന്നിരുന്ന ഡിവൈഎഫ്ഐ നേതാക്കളെ ഒഴിവാക്കിയതെന്ന് അന്നുതന്നെ വിമർശനമുയർന്നിരുന്നു. തുടക്കംമുതൽ യുവതിവിഷയത്തിൽ ശശിയെ സംരക്ഷിക്കാനാണ് സിപിഎം ജില്ലാ നേതൃത്വം ശ്രമിച്ചത്.
സംസ്ഥാന നേതൃത്വവും ഈ വഴിക്കുതന്നെയാണ് നീങ്ങിയത്. എന്നാൽ, പരാതിക്കാരിയായ യുവതി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കു നേരിട്ടു പരാതി നല്കിയതോടെയാണ് സംഭവത്തിൽ നിർണായക വഴിത്തിരിവുണ്ടായത്.
എ.കെ. ബാലൻ, പി.കെ. ശ്രീമതി എന്നിവരെ അന്വേഷണ കമ്മീഷൻ അംഗങ്ങളാക്കി സിപിഎം അന്വേഷണം നടത്തുകയും പി.കെ. ശശി യുവതിയോടു ഫോണിലൂടെ അശ്ലീലം പറയുക മാത്രമാണ് ചെയ്തതെന്ന് അവർ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. തുടർന്നാണ് ആറുമാസത്തേക്ക് ശശിയെ പാർട്ടിയിൽനിന്നു സസ്പെൻഡ്ചെയ്തത്.
സസ്പെൻഷൻ കാലഘട്ടത്തിൽ ശശി സിഐടിയു ജില്ലാ അധ്യക്ഷ സ്ഥാനമൊഴിഞ്ഞിരുന്നില്ല. ഈ സ്ഥാനത്തും ഇനിയും അദ്ദേഹം തുടരും. അതേസമയം അച്ചടക്കനടപടി നേരിട്ട പി.കെ. ശശിയെ ബ്രാഞ്ച് കമ്മിറ്റിയിൽ മാത്രമേ ഉൾപ്പെടുത്താവൂവെന്നായിരുന്നു മറുപക്ഷത്തെ വാദം.
ഇതിനിടയിലാണ് ജില്ലാ-സംസ്ഥാന നേതൃത്വങ്ങൾ ശശിക്ക് അനുകൂലമായ നിലപാട് കൈക്കൊണ്ടത്. ശിക്ഷാനടപടിക്കു വിധേയനായ ശശിക്കു മറ്റാർക്കും ലഭിക്കാത്ത പ്രത്യേക പരിഗണന നല്കിയതും ഗുരുതരമായ പാർട്ടി ചട്ടലംഘനമാണെന്നാണ് ശശിയെ എതിർക്കുന്നവരുടെ വാദം. ശശിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും എന്ന തലത്തിലേക്കു സിപിഎം ജില്ലാഘടകം മാറിക്കഴിഞ്ഞു.