പാലക്കാട്: പാര്‍ട്ടി ഫണ്ട് തിരിമറി കേസില്‍ കെടിഡിസി ചെയര്മാൻ പി.കെ. ശശിക്കെതിരേ സിപിഎം നടപടി. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന പാര്‍ട്ടി ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണു നടപടി.
ശശിയെ പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍നിന്നും നീക്കി. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു.
മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിര്മാണഫണ്ടില് തിരിമറി നടത്തിയെന്നാണ് ആരോപണം. പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ആരോപണം സംബന്ധിച്ച് അന്വേഷിച്ചത്.
പി.കെ. ശശി അധ്യക്ഷനായ യൂണിവേഴ്സല്‍ കോളജ് നിയമനത്തിലും ക്രമക്കേടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് വിവരം. ഇതോടെ പി.കെ. ശശിക്ക് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം മാത്രമായി.