പാലക്കാട്: പി.കെ. ശശിക്കെതിരെയുള്ള പീഡനാരോപണക്കേസിൽ പാലക്കാട് പുകയുന്നു. സിപിഎമ്മും ഡിവൈഎഫ്ഐയും പ്രതിരോധത്തിലേക്കു നീങ്ങുന്പോൾ യുവമോർച്ചയും കോണ്‍ഗ്രസ്, ബിജെപി പാർട്ടികളും ശശിക്കെതിരെ നടപടി ആവശ്യപ്പെട്ട് തെരുവിലിറങ്ങിക്കഴിഞ്ഞു.
പി.കെ. ശശിയുടെ എംഎൽഎയുടെ ശ്രീകൃഷ്ണപുരം കുലിക്കിലിയാട്ടെ വീട്ടിലേക്ക് ഇന്ന് രാവിലെ യുവമോർച്ച പ്രവർത്തകർ മാർച്ച് നടത്തി. വൻപോലീസ് സംഘം എംഎൽഎയുടെ വീടിനും പരിസരത്തുമായി നിലയുറപ്പിച്ചിരിക്കുകയാണ്.
അതേസമയം ഏത് അന്വേഷണവും നേരിടാമെന്ന നിലപാടിലാണ് എംഎൽഎ. ആരോപണത്തിനു പിന്നിൽ രാഷ്ട്രീയ ഗുഢാലോചനയാണെന്ന് അദ്ദേഹം ഉറപ്പിച്ചുപറയുന്നുണ്ട്. അതിനാൽതന്നെ സംഭവത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാൻതന്നെയാണ് സിപിഎം നേതൃത്വവും തീരുമാനിച്ചിരിക്കുന്നത്. അത്തരത്തിലുള്ള നിർദേശങ്ങൾ പാർട്ടി പ്രവർത്തകർക്ക് നൽകിയിട്ടുള്ളതായും അറിയുന്നു.
പെണ്‍കുട്ടിയുടെ പരാതി സിപിഎം ജില്ലാ നേതൃത്വത്തിനും യുവജനസംഘടനയായ ഡിവൈഎഫ്ഐയ്ക്കും കിട്ടിയിട്ടില്ലെന്നും നേതാക്കൾ പറഞ്ഞു. ഇന്നലെ പാർട്ടിയുടെ പാലക്കാട് ഓഫീസിൽ സിപിഎം ജില്ലാ കമ്മിറ്റിയും ജില്ലാ സെക്രട്ടറിയേറ്റും ചേർന്നിരുന്നെങ്കിലും വിഷയം ഒൗദ്യോഗികമായി ചർച്ച ചെയ്തില്ല.
ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗമാണ് പരാതിക്കാരിയായ പെണ്‍കുട്ടി. ഷൊർണൂർ എംഎൽഎയായ പി.കെ. ശശി സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവും സിഐടിയു ജില്ലാസെക്രട്ടറിയുമാണ്. കൂടാതെ പാർട്ടിയിലെ ഒൗദ്യോഗിക പക്ഷത്തിന്റെ ജില്ലയിലെ പ്രമുഖ നേതാവുമാണ്.
ഇതിനാൽ അദ്ദേഹത്തിനെതിരെയുള്ള പീഡനാരോപണം പാർട്ടി രാഷ്ട്രീയമായി തന്നെ പ്രതിരോധിക്കുന്നതിലേക്കാണ് നീങ്ങുന്നത്. പാർട്ടിയിലെ വിഭാഗീയതയുടെ പേരിലുള്ള ചിലരുടെ ഗൂഢാലോചനയും സംഭവത്തിനു പിന്നിലുണ്ടെന്നും ആരോപണമുണ്ട്.
പോലീസിലും പരാതിയില്ല. പെണ്‍കുട്ടി നേരിട്ട് കേന്ദ്രനേതൃത്വത്തിന് പരാതി നൽകിയത് ജില്ലയിലെ പാർട്ടി നേതാക്കളിലുള്ള വിശ്വാസക്കുറവുകൊണ്ടാണെന്ന ആരോപണവും ശക്തമാണ്. ഇതും പാർട്ടിയുടെ ജില്ലാ ഘടകത്തിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. സംഭവം ഒതുക്കിതീർക്കാൻ പെണ്‍കുട്ടിക്ക് ഒരുകോടി രൂപയും പാർട്ടിയിൽ സ്ഥാനക്കയറ്റവും നൽകാമെന്ന വാഗ്ദാനങ്ങളും നൽകിയിട്ടുള്ളതായും പറയപ്പെടുന്നു.
മണ്ണാർക്കാട്ടെ പാർട്ടി ഓഫീസിൽവച്ചാണ് പി.കെ. ശശി എംഎൽഎ പെണ്‍കുട്ടിയെ അപമാനിക്കാൻ ശ്രമിച്ചതെന്നാണ് പരാതി. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ ബിജെപി, കോണ്‍ഗ്രസ് പാർട്ടികളുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.