തിരുവനന്തപുരം: താൻ ക്രിമിനൽ കുറ്റം ചെയ്തിട്ടില്ലെന്ന് പി.കെ. ശശി എംഎൽഎ. പീഡന പരാതിയിൽ പാർട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് സൂക്ഷ്മമായി പരിശോധിച്ചാൽ അത് മനസിലാകുമെന്നും ശശി പറഞ്ഞു.
താൻ തെറ്റു ചെയ്തിട്ടുണ്ടെന്ന് പാർട്ടിക്കു ബോധ്യപ്പെട്ടാൽ അത് അംഗീകരിക്കും. തന്റെ ജീവിതം പാർട്ടിക്കായി സമർപ്പിച്ചതാണ്. കമ്യൂണിസ്റ്റുകാരനായിത്തന്നെ തുടരും. പാർട്ടിക്കുള്ളിലെ വിഭാഗീയതയെക്കുറിച്ച് മാധ്യമങ്ങളോട് ഒന്നും പറഞ്ഞിട്ടില്ല. പറയേണ്ട വേദികളിൽ അതു പറഞ്ഞിട്ടുണ്ടാകാമെന്നും ശശി പ്രതികരിച്ചു.
ലൈംഗികാതിക്രമ പരാതിയിൽ ഷൊർണൂർ എംഎൽഎ പി.കെ. ശശിയെ ഇന്നലെ സിപിഎം പ്രാഥമികാംഗത്വത്തിൽനിന്ന് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. വനിതാ നേതാവിനോട് അപമര്യാദയായി സംസാരിച്ചു എന്നാണ് എ.കെ. ബാലനും പി.കെ. ശ്രീമതിയും അടങ്ങുന്ന കമ്മീഷൻ കണ്ടെത്തിയത്.
പാർട്ടി സംസ്ഥാന കമ്മിറ്റിയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. പി.കെ. ശശി ഒരു പാർട്ടി പ്രവർത്തകയോട് പാർട്ടി നേതാവിനു യോജിക്കാത്ത വിധം സംഭാഷണം നടത്തിയതായി കണ്ടെത്തിയതിനാലാണ് നടപടി എന്നാണ് സംസ്ഥാന കമ്മിറ്റി ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നത്. അപമര്യാദയായി സംസാരിച്ചു എന്നല്ലാതെ മറ്റ് അതിക്രമമൊന്നും നടന്നതായി അന്വേഷണ കമ്മീഷൻ കണ്ടെത്തിയിട്ടില്ല. -ശശി പറഞ്ഞു.