ശ്രീകൃഷ്ണപുരം: സി.പി.എം ശ്രീകൃഷ്ണപുരം ഏരിയ കമ്മിറ്റി റിപ്പോർട്ടിങ്ങിൽ പി.കെ ശശി എം.എൽ.എ പങ്കെടുത്തു. ഒന്നര മാസത്തെ ഇടവേളക്ക് ശേഷം രണ്ടാമത്തെ പാർട്ടി പരിപാടിയിലാണ് പി.കെ.ശശി പങ്കെടുക്കുന്നത്. ഡി.വൈ.എഫ്.ഐ വനിത നേതാവിന്റെ ലൈംഗിക ആരോപണ പരാതിക്ക് വിധേയനായ പി.കെ.ശശിയെ ഒൗദ്യോഗിക പരിപാടികളിൽ നിന്നും, പാർട്ടി പരിപാടികളിൽ നിന്നും വിലക്കിയിരുന്നു.
സംഗീതശിൽപ്പം ഓഡിറ്റോറിയത്തിൽ നടന്ന ഏരിയ റിപ്പോർട്ടിംഗ് അവതരിപ്പിച്ചത് പി.കെ.ശശിയായിരുന്നു. പ്രളയവും,ശബരിമല വിഷയവും ഉൾപ്പെടെ ഉള്ള പാർട്ടി നിലപാടുകളാണ് റിപ്പോർട്ടിങ്ങിൽ ചർച്ച ചെയ്തത്.എന്നാൽ ഒരു വിഭാഗം ഏരിയ കമ്മിറ്റി അംഗങ്ങളും, പാർട്ടി മെന്പർമാരും റിപ്പോർട്ടിങ്ങിൽ നിന്നും വിട്ടു നിന്നു.
ആരോപണ വിധേയനായ എം.എൽ.എ പാർട്ടി റിപ്പോർട്ടിങ് നടത്തുന്നത് ഉചിതമല്ലെന്ന നിലപാടിലാണ് ഒരുവിഭാഗം. പൂക്കോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ജയദേവൻ, വെള്ളിനേഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ശ്രീധരൻ മാസ്റ്റർ, മുൻ ഏരിയ സെക്രട്ടറി ഗംഗാധരൻ, ഏരിയ കമ്മിറ്റി അംഗവും, സഹകരണ ബാങ്ക് പ്രെസിഡന്റുമായിരുന്ന രാമചന്ദ്രൻ മാസ്റ്റർ എന്നിവരാണ് റിപ്പോർട്ടിങ്ങിനെത്താത്തവരിൽ പ്രമുഖർ.
ഏരിയ കമ്മിറ്റിയുടെ കീഴിൽ ഉള്ള 1300 പാർട്ടി അംഗങ്ങളിൽ പകുതിപോലും റിപ്പോർട്ടിങ്ങിനെതിയില്ലെന്നതും ശ്രദ്ധേയമായി. കഴിഞ്ഞ ചൊവ്വാഴ്ച്ച സി.ഐ.ടി.യു മലന്പുഴയിൽ സംഘടിപ്പിച്ച ശില്പശാലയിലാണ് വിലക്കിന് ശേഷം പി.കെ.ശശി ആദ്യമായി പങ്കെടുത്തത്. താൻ ഇപ്പോഴും ശക്തനാണെന്ന് തെളിയിക്കാൻ ഉള്ള അവസരമായി റിപ്പോർട്ടിങ്ങിനെ കണ്ട പി.കെ ശശി എം.എൽ.എ ക്ക് വലിയ വിഭാഗം വിട്ടുനിന്നത് വീണ്ടും തിരിച്ചടിയായി.