പാലക്കാട്: സിപിഎം സംസ്ഥാനനേതൃത്വത്തേയും ജില്ലാ ഘടകത്തേയും പ്രതിരോധത്തിലാക്കിയ പി.കെ. ശശി എംഎൽഎ യ്ക്ക് എതിരെയുള്ള പീഡന പരാതിയിൻമേൽ ഒത്തുതീർപ്പിനു ശ്രമം നടക്കുന്നതായി സൂചന. പരാതി നൽകിയ പെണ്‍കുട്ടിയുടെ ബന്ധുക്കളെയും സുഹൃത്തുക്കളേയും ചിലർ പണവുമായി സമീപിച്ചെന്നാണ് ആരോപണം.
പി.കെ. ശശി വിഷയത്തിൽ സിപിഎം,ഡിവൈഎഫ്ഐ പ്രതിരോധത്തിന്റെയും സമ്മർദത്തിന്റെയും മുൾമുനയിൽ നിൽക്കുന്പോഴാണ് ഒത്തുതീർപ്പുസംബന്ധിച്ച വിവരങ്ങളും പുറത്തുവരുന്നത്. ഒരു ടിവി ചാനൽ ഇതുസംബന്ധിച്ച വിവരം ഇന്നു രാവിലെയാണ് പുറത്തുവിട്ടത്.
പെണ്‍കുട്ടി പോലീസിൽ പരാതി നൽകിയിട്ടില്ലാത്തതിനാൽ സ്വാഭാവികമായി പാർട്ടിക്കകത്ത് വിഷയം ഒത്തുതീർക്കാൻതന്നെയാണ് ശ്രമം നടന്നുവരുന്നത്. ഇനി ഏതെങ്കിലും വിധേന പോലീസിനെ സമീപിച്ചാൽ പോലീസ് അറസ്റ്റിലേക്കുവരെ കാര്യങ്ങൾ നീളും. ഇതുകൊണ്ടുതന്നെ ഒത്തുതീർപ്പു ഫോർമുലതന്നെയാണ് മുന്നിലുള്ളവഴി. അതേസമയം സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന പി.കെ. ശശി എംഎൽഎയുടെ വാദവും പാർട്ടി ഗൗരവത്തോടെ കാണുന്നുണ്ട്.
പാലക്കാട് വീണ്ടും വിഭാഗീയതകളുടെ തുരുത്തുകൾ രൂപപ്പെടുന്നുവെന്ന ചില വിലയിരുത്തലുകൾ നടന്നിരുന്നു. ഇതിന്റെ ഭാഗമാകാം എംഎൽഎയ്ക്കുനേരെയുള്ള ആരോപണമെന്നത് അന്വേഷണവിധേയമാക്കിയേക്കും. ഒൗദ്യോഗിക പക്ഷത്തെ ജില്ലയിലെ പ്രധാനിയായ പി.കെ. ശശിക്ക് പാർട്ടിയിൽതന്നെ ധാരാളം ശത്രുക്കളുണ്ട്.