അന്വേഷണം അട്ടിമറിച്ചു; ശശിക്കെതിരേ വീണ്ടും കേന്ദ്രനേതൃത്വത്തിന് പരാതിയുമായി യുവതി

ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരായ ലൈംഗിക അതിക്രമ പരാതിയിലെ അന്വേഷണം അട്ടിമറിച്ചെന്ന്​ പരാതിക്കാരിയായ ഡിവൈഎഫ്ഐ വനിത നേതാവ്. ഇക്കാര്യത്തിൽ പാർട്ടി കേന്ദ്ര നേതൃത്വത്തിന് അവർ വീണ്ടും പരാതി നൽകി. തന്‍റെ പരാതിയിലെ അന്വേഷണം അട്ടിമറിച്ചതായും ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അവർ വ്യക്തമാക്കുന്നു.

ശശിയുടെ ഫോൺസംഭാഷണം അടക്കമാണ് പുതിയ പരാതിയായി നൽകിയിരിക്കുന്നത്. പരാതിയിൽനിന്നു തന്നെ പിന്തിരിപ്പിക്കാൻ ശ്രമം നടക്കുന്നു. പാർട്ടിയിലെ ഉന്നതരാണ് ഇതിനു പിന്നിൽ. ആരോപണവിധേയനായ ശശിയെ ജാഥാ ക്യാപ്റ്റനാക്കിയിരിക്കുകയാണെന്നും പരാതിയിൽ പറയുന്നു.

നേരത്തേ, ശശിക്കെതിരായ പരാതിയിൽ പാർട്ടിയിലെ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.കെ. ബാലൻ, പി.കെ. ശ്രീമതി എന്നിവർ അടങ്ങിയ സമിതിയാണ് അന്വേഷണം നടത്തിയിരുന്നത്. എന്നാൽ പിന്നീട് നടപടിയൊന്നുമുണ്ടാ‍യില്ല. ശശിയെ സിപിഎം ജാഥാ ക്യാപ്റ്റനാക്കുകയും ചെയ്തതോടെയാണ് യുവതി വീണ്ടും രംഗത്തെത്തിയത്.

Related posts