ഷൊർണൂർ: പി.കെ.ശശി എംഎൽഎയ്ക്കെതിരേ നടന്ന മുഴുവൻ സമരങ്ങൾക്കെതിരേയും പോലീസ് കേസെടുത്തു. കെപിസിസി സെക്രട്ടറി സി.ചന്ദ്രൻ, യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്, മഹിളാ കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ്, അഡ്വ. പ്രകാശ് ബാബു, മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ് എന്നിവരെല്ലാം വിവിധ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിനാൽ പ്രതികളാണ്.
ഇതിൽ യൂത്ത് കോണ്ഗ്രസ് നടത്തിയ ഡിവൈഎസ്പി ഓഫീസ് മാർച്ചുമായി ബന്ധപ്പെട്ട് യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്, പാർലമെന്റ് മണ്ഡലം പ്രസിഡന്റ് ടി.എച്ച്.ഫിറോസ് ബാബു, വി.കെ.ശ്രീകൃഷ്ണൻ എന്നിവർക്കെതിരേ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ്. കേസിൽ ഇരുന്നുറൂ പ്രതികളുണ്ട്.
കൃത്യനിർവഹണം തടസപ്പെടുത്തൽ, ഗതാഗതം തടയൽ, അന്യായമായി സംഘം ചേരൽ, അനുമതി കൂടാതെ പ്രകടനം നടത്തൽ തുടങ്ങിയ വകുപ്പുകളാണ് ചേർത്തിരിക്കുന്നത്.മഹിളാ കോണ്ഗ്രസ് നടത്തിയ ചെർപ്പുളശേരി പോലീസ് സ്റ്റേഷൻ മാർച്ചുമായി ബന്ധപ്പെട്ട് മഹിളാ കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ഐ.കുമാരി, എഐസിസി അംഗം ദീപ്തി മേരി വർഗീസ്, സംസ്ഥാന മഹിളാ കോണ്ഗ്രസ് സെക്രട്ടറി ഓമന, ഉണ്ണി എന്നിവരും പ്രതികളാണ്.
പി.കെ.ശശിയുടെ വീട്ടിലേക്കു മാർച്ച് നടത്തിയതുമായി ബന്ധപ്പെട്ടാണ് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബു, ബിജെപി മധ്യമേഖലാ ജനറൽ സെക്രട്ടറി പി.വേണുഗോപാൽ, യുവമോർച്ച ജില്ലാ പ്രസിഡന്റ് ഇ.പി.നന്ദകുമാർ ഉൾപ്പെടെയുള്ളവരുടെ പേരിൽ കേസെടുത്തിട്ടുണ്ട്. ഇതുവരെ നടന്ന മുഴുവൻ പ്രതിഷേധ സമരങ്ങൾക്കും നേതൃത്വം നല്കിയവർക്കെതിരേ കേസെടുത്തിട്ടുണ്ട്. തുടർന്നുള്ള സമരങ്ങളുമായി ബന്ധപ്പെട്ടും കേസെടുക്കും. ഉന്നത നിർദേശത്തെ തുടർന്നാണ് നടപടി.