തിരുവനന്തപുരം: പി.കെ. ശശി എംഎൽഎക്കെതിരേയുള്ള പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ചയ്ക്കെടുത്തില്ല. എന്നാൽ ശശിക്കെതിരേയുള്ള അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഇന്നലത്തെ സെക്രട്ടേറിയറ്റിന്റെ അജൻഡ യിൽ ഉൾപ്പെടുത്തിയിരുന്നു. രാവിലെ സർക്കാരുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമാണു ചർച്ച ചെയ്തത്.
വൈകുന്നേരം അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ചർച്ച ചെയ്യുമെന്നു കരുതിയെങ്കിലും പരിഗണിച്ചില്ല. കമ്മീഷൻ റിപ്പോർട്ടിനെ സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉച്ചയ്ക്കു പിരിയുന്പോൾ പ്രത്യേകം സംസാരിക്കുകയും ചെയ്തു. ഇതിനുശേഷമാണു കമ്മീഷൻ റിപ്പോർട്ട് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പരിഗണനയ്ക്ക് എത്താത്തത്.
ലൈഗിംക പീഡന പരാതിയിൽ പി.കെ. ശശിക്കെതിരേയുള്ള അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ അവ്യക്തതകൾ ഉണ്ടെന്ന കാരണത്താലാണു സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നലെ വിഷയം പരിഗണിക്കാതിരുന്നതെന്നാണു വിവരം.
പാർട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.കെ. ബാലനും പി.കെ. ശ്രീമതിയും അംഗങ്ങളായിട്ടുള്ള കമ്മീഷനാണ് അന്വേഷണം നടത്തി റിപ്പോർട്ട് പാർട്ടിക്കു നൽകിയത്. വനിതാ നേതാവിന്റെ പരാതിയിൽ കഴന്പുണ്ടെന്ന കണ്ടെത്തലിലാണു പാർട്ടി കമ്മീഷൻ എത്തിയിട്ടുള്ളത്.
റിപ്പോർട്ട് പരിഗണിച്ചാൽ ശശിയെ പാർട്ടിയിൽ നിന്നു പുറത്താക്കേണ്ടിവരും. അങ്ങനെവന്നാൽ അദ്ദേഹത്തിന്റെ പാർട്ടി നിയമസഭാംഗത്വവും ചോദ്യം ചെയ്യപ്പെടും. ഇതാണു പാർട്ടിയെ കുഴയ്ക്കുന്നത്.
ശശിയെ ബോധപൂർവം കുടുക്കിയതാണെന്ന പക്ഷക്കാരും സിപിഎം നേതൃത്വത്തിലുണ്ട്. ഇതൊക്കെയാണ് ഇന്നലെ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യാത്തതെന്നാണു വിവരം. ഇന്നു ചേരുന്ന സംസ്ഥാന സമിതിയ്ക്കു മുന്പു സെക്രട്ടേറിയറ്റ് യോഗം ചേരാനും സാധ്യതയുണ്ട്.