തിരുവനന്തപുരം: ലൈംഗിക ആരോപണത്തിൽ ഷൊർണ്ണൂർ എംഎൽഎ പി.കെ. ശശിക്കെതിരെ ഇന്ന് ചേരുന്ന സിപിഎം സംസ്ഥാനകമ്മിറ്റിയിൽ നടപടി ഉണ്ടായേക്കും. ഡിവൈഎഫ്ഐ വനിതാ നേതാവ് ഉന്നയിച്ച പരാതിയിൽ കഴന്പുണ്ടെന്നാണ് പാർട്ടി അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ. മന്ത്രി എ.കെ. ബാലൻ, പി.കെ. ശ്രീമതി എന്നിവരടങ്ങിയ കമ്മീഷനാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
ഡിവൈഎഫ്ഐ നേതാവിനോട് ശശി അപമര്യാദയായി പെരുമാറിയെന്നാണ് കമ്മീഷൻ റിപ്പോർട്ട് നൽകിയിരിക്കുന്നതെന്നാണ് സൂചന. അതേസമയം ലൈംഗിക അതിക്രമം നടന്നതായി റിപ്പോർട്ടിൽ പരാമർശമില്ല. ശശിക്കെതിരായ പരാതി വിഭാഗീയതയുടെ ഭാഗമാണെന്നും ബാലൻ പറഞ്ഞു.
എന്നാൽ ശശിക്കെതിരായ നടപടി തരംതാഴ്ത്തലിൽ ഒതുങ്ങാനാണ് സാധ്യത. പരാതി പുറത്ത് വന്നതിലെ ഗൂഢാലോചന ആരോപിച്ച് ശശി നൽകിയ പരാതിയിലും നടപടിയുണ്ടായേക്കും. അതേസമയം പാർട്ടി എടുക്കുന്ന ഏത് നടപടിയും അനുസരിക്കുമെന്ന് ശശി പറഞ്ഞു. പാർട്ടി തന്റെ ജീവന്റെ ഭാഗമെന്നും ശശി പറഞ്ഞു.