തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ ഷൊർണൂർ എംഎൽഎ പി.കെ. ശശിയെ സിപിഎം പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് ആറ് മാസത്തേക്ക് പുറത്താക്കി. ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നടപടി. നിലവിൽ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് ശശി.
മണ്ണാർക്കാട്ട് ഏരിയ കമ്മിറ്റി ഓഫീസിൽ വച്ച് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി ശശിക്കെതിരെ പരാതി നൽകിയത്. പരാതി അന്വേഷിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് എ.കെ. ബാലൻ, പി.കെ. ശ്രീമതി എന്നിവർ ഉൾപ്പെട്ട കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്ന് ചേർന്ന സിപിഎം സംസ്ഥാന കമ്മിറ്റി നടപടി സ്വീകരിച്ചത്.
ഡിവൈഎഫ്ഐ നേതാവിനോട് ശശി ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് കമ്മീഷന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ ലൈംഗിക അതിക്രമം ഉണ്ടായിട്ടില്ല. ഉന്നത സ്ഥാനം വഹിക്കുന്ന നേതാവായതിനാൽ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന നേതൃത്വത്തിലെ ഭൂരിപക്ഷം അംഗങ്ങളും നിലപാടെടുത്തു. ഇതോടെയാണ് ആറ് മാസത്തേക്ക് പാർട്ടിയിൽ നിന്നും ശശിക്ക് പുറത്തുപോകേണ്ടി വന്നത്.
നടപടിയിൽ തൃപ്തിയെന്ന് പരാതിക്കാരി
തിരുവനന്തപുരം: ലൈംഗികാരോപണത്തിൽ പി.കെ. ശശി എംഎൽഎയ്ക്കെതിരായ പാർട്ടി നടപടിയിൽ തൃപ്തിയുണ്ടെന്ന് പരാതി നൽകിയ വനിതാനേതാവ്. ഇതുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണത്തിനില്ല. ശശിക്കെതിരേ പാർട്ടി നടപടി സ്വീകരിച്ച സാഹചര്യത്തിൽ തുടർ നടപടികൾക്കില്ലെന്നും പരാതിക്കാരി അറിയിച്ചു.
ശശിക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതോടെ മൂന്നര മാസമായി പാർട്ടി നേരിടുന്ന വലിയ പ്രതിസന്ധിക്കാണ് സിപിഎം പരിഹാരം കണ്ടത്. പാർട്ടി എടുക്കുന്ന ഏത് നടപടിയും അനുസരിക്കുമെന്ന് ശശി നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം തനിക്കെതിരായ പരാതി പുറത്ത് വന്നതിലെ ഗൂഢാലോചന ആരോപിച്ച് ശശി നൽകിയ പരാതിയിലെ നടപടി സംബന്ധിച്ച് യാതൊരു വിവരവും പുറത്തുവന്നിട്ടില്ല. ലൈംഗികാരോപണം നേരിടുന്നതിനിടെ ശശിയെ ഷൊർണൂരിൽ സിപിഎം ജാഥ ക്യാപ്റ്റനാക്കിയതിനെതിരെയും വിമർശനങ്ങൾ ഉയർന്നിരുന്നു. പ്രതിപക്ഷവും വിഷയം രാഷ്ട്രീയ ആയുധമാക്കിയിരുന്നു.