തളിപ്പറന്പ്: പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആന്തൂർ നഗരസഭ ചെയർപേഴ്സൺ പി.കെ. ശ്യാമളയ്ക്കെതിരേ വിമർശനമുന്നയിച്ച ഏരിയാ, ലോക്കൽ കമ്മിറ്റിയിലെ ശ്യാമള വിരുദ്ധരെ ഒതുക്കാനുള്ള ശ്രമം സിപിഎം തുടങ്ങി.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്നലെ നടത്തിയ പത്രസമ്മേളനത്തിൽ ആന്തൂർ വിഷയത്തിൽ വിമര്‍ശകരെ പൂര്‍ണമായി അവഗണിക്കുമെന്ന് പറഞ്ഞിരുന്നു. ജില്ലാ നേതൃത്വം സംസ്ഥാന കമ്മറ്റിക്കൊപ്പം നില്‍ക്കുമെന്നും പി.കെ.ശ്യാമള ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്സനായി തുടരുമെന്നും കോടിയേരി പറഞ്ഞിരുന്നു.
കോടിയേരിയുടെ പത്രസമ്മേളനത്തിലെ സൂചന ലഭിക്കുന്നതിന് മുമ്പുതന്നെ തളിപ്പറമ്പ് ഏരിയാ കമ്മറ്റിയിലെയും കോടല്ലൂര്‍, ബക്കളം, ആന്തൂര്‍ ലോക്കല്‍ കമ്മറ്റികളിലേയും ശ്യാമള വിരുദ്ധരെ ഒതുക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു.
ലോക്കല്‍ കമ്മറ്റി അംഗങ്ങളില്‍ ഭൂരിഭാഗവും സിപിഎം നിയന്ത്രണത്തിലുള്ള വിവിധ സഹകരണ സ്ഥാപനങ്ങളിലും ബാങ്കുകളിലും ജീവനക്കാരാണ്. മറ്റ് ചിലരാകട്ടെ വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുമാണ്. ഇവരുടെ വിമര്‍ശനമുന ഒടിച്ചെടുക്കാന്‍ നേതൃത്വം പലവിധത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ തന്നെ പുറത്തെടുത്തിരുന്നതായാണ് അറിയുന്നത്.
ഏതായാലും ഇപ്പോള്‍ ലോക്കല്‍ കമ്മറ്റികളിലെ വിമര്‍ശകര്‍ പത്തിമടക്കിയിരിക്കുകയാണെങ്കിലും തളിപ്പറമ്പ് ഏരിയാ കമ്മറ്റിയിലെ വിമര്‍ശകരില്‍ ചിലര്‍ ശക്തമായ നിലപാടില്‍ തന്നെയാണെന്നാണ് സൂചന.
അടുത്ത ദിവസങ്ങളില്‍ ചേരുന്ന വിവിധ ബ്രാഞ്ച് കമ്മറ്റി യോഗങ്ങളില്‍ ലോക്കല്‍ കമ്മറ്റികളിലും ഏരിയാ കമ്മറ്റികളില്‍ നിന്നുമുള്ള അംഗങ്ങള്‍ പാര്‍ട്ടി തീരുമാനം വിശദീകരിക്കും. അതിനുശേഷം 30 ന് നടക്കുന്ന ജില്ലാ കമ്മറ്റി യോഗത്തില്‍ ഇത് റിപ്പോര്‍ട്ട് ചെയ്യുമെന്നാണ് അറിയുന്നത്.
പി.കെ.ശ്യാമളക്ക് അനുകൂലമായ റിപ്പോര്‍ട്ടുകളായിരിക്കും ജില്ലാ കമ്മറ്റിയില്‍ ചര്‍ച്ച ചെയ്യപ്പെടുക. ഇത് ജില്ലാ കമ്മിറ്റിയില്‍ കൂടി ചര്‍ച്ചചെയ്ത് തീരുമാനിക്കുന്നതോടെ പാര്‍ട്ടിയില്‍ നിന്നുള്ള എതിര്‍പ്പുകള്‍ കെട്ടടങ്ങും.
വിമര്‍ശനങ്ങൾ ഉള്‍ക്കൊണ്ട് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ പി.കെ.ശ്യാമളക്ക് അവസരം നല്‍കണമെന്ന നിലപാടുകളിലേക്ക് വിമര്‍ശകര്‍ ഇപ്പോള്‍ തന്നെ മടങ്ങിക്കഴിഞ്ഞ സാഹചര്യത്തില്‍ ശ്യാമളയുടെ ചെയര്പേഴ്സന് സ്ഥാനത്തിന് നിലവില്‍ യാതൊരു ഭീഷണിയുമില്ല.
സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടതല്ലാതെ കോടതിയിലോ പോലീസിലോ ഇതുമായി പി.കെ.ശ്യാമളയെ ബന്ധിപ്പിക്കുന്ന യാതൊരു തെളിവുകളും ഇല്ലെന്ന് ഉറപ്പുവരുത്തിയശേഷമാണ് പാര്‍ട്ടിയും സർക്കാരും പൂർണമായും ഇവരെ സംരക്ഷിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. അടുത്ത ഒരു വര്‍ഷം വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് കാര്യക്ഷമമായ പ്രവര്‍ത്തനം നടത്തിയാല്‍ ഇന്നത്തെ മങ്ങിയ പ്രതിച്ഛായ മാറ്റിയെടുക്കാന്‍ കഴിയുമെന്നും പാര്‍ട്ടി വിലയിരുത്തുന്നുണ്ട്.