സ്വന്തം ലേഖകൻ
കണ്ണൂർ: പ്രവാസി വ്യവസായിയുടെ കെട്ടിടത്തിന് അന്തിമാനുമതി നൽകുന്ന പ്രശ്നത്തിൽ ആരോപണവിധേയയായ ആന്തൂർ നഗരസഭാ അധ്യക്ഷ പി.കെ. ശ്യാമളക്കെതിരേ പാർട്ടിതലത്തിൽ നടപടിക്ക് സാധ്യത. സംഭവത്തിൽ പി.കെ. ശ്യാമളക്ക് ജാഗ്രതക്കുറവുണ്ടായതായി സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി സമ്മതിച്ചിരുന്നു. എന്നാൽ പാർട്ടി നടപടി ശാസന, പരസ്യശാസന എന്നിവയിൽ ഒതുങ്ങാനാണ് സാധ്യത.
ശാസനയിൽ ഒതുങ്ങാതെ ചെയർപേഴ്സൺ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം സിപിഎം നേതാക്കൾ രംഗത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം നടന്ന തളിപ്പറന്പ് ഏരിയാകമ്മിറ്റി യോഗത്തിൽ പി.കെ. ശ്യാമളക്കെതിരേ രൂക്ഷമായ വിമർശനമാണ് ഉയർന്നത്.
ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായാൽ അത് തിരുത്തിക്കേണ്ട ചുമതല ഭരണസമിതിക്കാണെന്നും ആ ഉത്തരവാദിത്വം നിറവേറ്റിയില്ലെന്നും സിപിഎം അംഗങ്ങളുടെ ഇടയിൽ നിന്നുതന്നെ വിമർശനമുണ്ടായിരുന്നു. ശ്യാമളയും ഭർത്താവും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ എം.വി. ഗോവിന്ദൻ യോഗത്തിൽ പങ്കെടുത്തിരുന്നുവെങ്കിലും ചർച്ചയിൽ ഇടപെട്ടില്ല. നവമാധ്യമങ്ങളിൽ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ നിന്ന് പി.കെ. ശ്യാമളയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വ്യാപക പ്രചാരണങ്ങൾ നടക്കുകയാണ്.
ഇതിനിടെ വിഷയത്തിൽ സിപിഎം നടത്തിയ ഇടപെടലുകളും ഉദ്യോഗസ്ഥർക്കെതിരേ എടുത്ത നടപടികളും വിശദീകരിക്കാൻ ധർമശാലയിൽ വൈകുന്നേരം അഞ്ചിന് സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കുന്നുണ്ട്. എം.വി. ജയരാജനും പി. ജയരാജനും പങ്കെടുക്കുന്നുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ ജില്ലാകമ്മിറ്റി ഇടപെട്ട് കണ്ണൂരിൽ നടത്തുന്ന രണ്ടാമത്തെ വിശദീകരണ യോഗമാണിത്. സി.ഒ.ടി. നസീർ വധശ്രമക്കേസിലും പാർട്ടി വിശദീകരണം തലശേരിയിൽ വിശദീകരണം നടത്തിയിരുന്നു.
എന്നാൽ സാജന്റെ മരണത്തിൽ ശ്യാമളക്കെതിരേ നിയമപരമായ നടപടികൾ ഉണ്ടാകാൻ സാധ്യതയില്ല. സാജന്റെ ഭാര്യയുടെ ആരോപണം മാത്രമാണ് നിലവിൽ പി.കെ. ശ്യാമളയ്ക്ക് എതിരേയുള്ളത്. താൻ നഗരസഭാ അധ്യക്ഷയായി ഇരിക്കുന്നിടത്തോളം കൺവൻഷൻ സെന്ററിന് അനുമതി നൽകില്ലെന്ന് പി.കെ. ശ്യാമള പറഞ്ഞതായി സാജൻ സൂചിപ്പിച്ചിരുന്നതാണ് പി.കെ. ശ്യാമളയ്ക്കെതിരേയുള്ള ഏക മൊഴി.വളപട്ടണം എസ്ഐയുടെ നേതൃത്വത്തിൽ ഭാര്യ ബീനയുടെയും പാർത്ഥാസ് ഗ്രൂപ്പിലെ നാലുജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.