തളിപ്പറമ്പ്: പ്രവാസി വ്യവസായിയുടെ മരണവുമായി ബന്ധപ്പെട്ട് ആന്തൂർ നഗരസഭാധ്യക്ഷ പി.കെ. ശ്യാമളയ്ക്കെതിരേ സിപിഎം യോഗത്തിൽ രൂക്ഷ വിമർശനം. സിപിഎം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി യോഗത്തിൽ അംഗങ്ങൾ പൊട്ടിത്തെറിച്ചതായാണു വിവരം. യോഗത്തിൽ പി.കെ.ശ്യാമള പൊട്ടിക്കരഞ്ഞു. ഇന്നലെ വൈകുന്നേരം അഞ്ചുമുതൽ 7.30 വരെ നടന്ന യോഗത്തിൽ പങ്കെടുത്ത മുഴുവൻ ഏരിയാ കമ്മിറ്റി അംഗങ്ങളും പി.കെ.ശ്യാമളയെ ചെയർപേഴ്സൺ സ്ഥാനത്തു നിന്നു പുറത്താക്കണമെന്നു രൂക്ഷമായ ഭാഷയിൽ ആവശ്യപ്പെടുകയായിരുന്നു.
കേന്ദ്രകമ്മിറ്റി അംഗം എം.വി.ഗോവിന്ദൻ, ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, പി.ജയരാജൻ, ടി.കെ.ഗോവിന്ദൻ, കെ.സന്തോഷ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. അംഗങ്ങളിൽ ഒരാൾ പോലും ശ്യാമളയെ അനുകൂലിച്ചു രംഗത്തുവന്നില്ല. ഏരിയാ കമ്മിറ്റി ഒന്നടങ്കം രൂക്ഷവിമർശനം നടത്തിയപ്പോഴാണി ശ്യാമള യോഗത്തിൽ പൊട്ടിക്കരഞ്ഞത്. ഏരിയാ കമ്മറ്റി തീരുമാനപ്രകാരം കോടല്ലൂർ, ആന്തൂർ , ബക്കളം ലോക്കൽ കമ്മറ്റി യോഗങ്ങൾ ഇന്നു വിളിച്ചു ചേർത്തിട്ടുണ്ട്.
നാളെ വൈകുന്നേരം ധർമശാലയിൽ വിശദീകരണ യോഗം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. തുടർന്ന് ഏരിയാ-ലോക്കൽ തീരുമാനങ്ങൾ എല്ലാ ബ്രാഞ്ച് കമ്മറ്റികളിലും റിപ്പോർട്ട് ചെയ്ത ശേഷം ജില്ലാ കമ്മിറ്റിയായിരിക്കും പി.കെ.ശ്യാമളക്കെതിരെയുള്ള നടപടികൾ സ്വീകരിക്കുക. പി.കെ.ശ്യാമളയുടെ പല തീരുമാനങ്ങളും ആന്തൂർ പോലുള്ള പാർട്ടി ശക്തികേന്ദ്രങ്ങളിൽ സി പി എമ്മിന്റെ അടിത്തറ ഇളക്കുമെന്നും, ഒരു നിമിഷം പോലും ചെയർപേഴ്സൺ സ്ഥാനത്തു തുടരരുതെന്നും ഏരിയാ കമ്മറ്റി അംഗങ്ങൾ ആവശ്യപ്പെട്ടതായാണു സൂചനകൾ.
പാർട്ടി അനുഭാവികൂടിയായ കണ്ണൂർ കൊറ്റാളി സ്വദേശി പാറയിൽ സാജന്റെ മരണം സർക്കാരിനെയും സിപിഎമ്മിനെയും പ്രതിക്കൂട്ടിലാക്കിയതോടെയാണ് മുനിസിപ്പൽ സെക്രട്ടറി, അസിസ്റ്റന്റ് എൻജിനിയർ, രണ്ട് ഓവർസിയർമാർ എന്നിവരെ സസ്പെൻഡ് ചെയത് പ്രശ്നത്തിനു താത്കാലിക വിരാമമിടാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ സാജന്റെ ബന്ധുക്കൾ നഗരസഭാധ്യക്ഷയ്ക്ക് എതിരേ പരസ്യവിമർശനവുമായി രംഗത്തിയത് പാർട്ടിയെ പ്രതിക്കൂട്ടിലാക്കുകയായിരുന്നു.
പൊതുജനങ്ങളും നഗരസഭാധ്യക്ഷയുടെ നിലപാടിനെതിരെ വിമർശനവുമായി രംഗത്തു വന്നതു പാർട്ടിക്കു തത്വത്തിൽ ക്ഷീണമായിട്ടുണ്ട്. ആന്തൂർ പഞ്ചായത്ത് അധികൃതരിൽ നിന്നും സമാന അനുഭവങ്ങൾ പങ്കുവച്ചു നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. ഇതോടെയാണു വിശദീകരണവുമായി രംഗത്തിറങ്ങാൻ സിപിഎം ഒരുങ്ങുന്നത്.