സ്വന്തം ലേഖകൻ
തളിപ്പറമ്പ്: ആന്തൂര്‍ നഗരസഭാ ചെയര്പേഴ്സന് പി.കെ.ശ്യാമളയുടെ രാജി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിക്കും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സെക്രട്ടേറി യറ്റ് യോഗത്തിൽ പങ്കെടുക്കും. 30 തിനാണ് യോഗം. അന്ന് തന്നെയാണ് ജില്ലാ കമ്മിറ്റി യോഗവും. ഇതിനിടെ ശ്യാമളയുടെ രാജിക്കത്ത് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന് നല്‍കിയതായാണ് സൂചന. യോഗത്തിലെ നിര്‍ദ്ദേശമനുസരിച്ചായിരിക്കും രാജി സ്വീകരിക്കണമോ എന്ന് തീരുമാനിക്കുക.
രാജി സംബന്ധിച്ച തീരുമാനം ഉടൻ കൈക്കൊള്ളേണ്ടതില്ലെന്നാണ് സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്.കഴിഞ്ഞ 22 ന് ധര്‍മശാലയില്‍ സിപിഎം വിളിച്ചുചേര്‍ത്ത യോഗത്തില്‍ പി.കെ.ശ്യാമളയെ വേദിയിലിരുത്തി പാര്‍ട്ടി സംസ്ഥാന കമ്മറി്റിയംഗം പി.ജയരാജനും ജില്ലാ സെക്രട്ടറി എം.വി.ജയരാജനും നടത്തിയ വിമര്‍ശനത്തോടെ അവര്‍ക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകരിലുള്ള എതിര്‍വികാരത്തിന് അല്പം ശമനം വന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
തദ്ദേശഭരണ സ്ഥാപന തെരഞ്ഞെടുപ്പിന് ഇനി ഒരു വര്‍ഷം മാത്രം ബാക്കിയിരിക്കെ ചെയര്‍പേഴ്സണെ മാറ്റുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും പാര്‍ട്ടിയില്‍ ഒരു വിഭാഗം പറയുന്നുണ്ട്. തെറ്റുതിരുത്തി മുന്നോട്ടുപോകാന്‍ പി.കെ.ശ്യാമളയ്ക്ക് അവസരം നല്‍കണമെന്ന നിര്‍ദ്ദേശത്തിനും പിന്തുണ വര്‍ധിക്കുന്നുണ്ട്. എന്നാല്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗം പി.കെ.ശ്യാമളയെ മാറ്റാന്‍ തീരുമാനിച്ചാല്‍ പകരം ചെയര്‍പേഴ്സൺ ആവേണ്ടവരെക്കുറിച്ചും ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.
പറശിനിക്കടവ് 14-ാം വാര്‍ഡ് കൗണ്‍സിലറും പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിലെ ഓഫീസ് സെക്രട്ടറി ശ്രീനിവാസന്റെ ഭാര്യയുമായ കെ.പി.ശ്യാമളയുടെ പേരിനാണ് മുന്‍തൂക്കം. കോടല്ലൂര്‍ വാര്‍ഡ് അംഗവും സ്റ്റാൻഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണുമായ പി.പി. ഉഷയുടെ പേരും പരിഗണനയിലുണ്ട്. നേരത്തെ ആന്തൂര്‍ തളിപ്പറമ്പ് നഗരസഭയുടെ ഭാഗമായപ്പോള്‍ ഉഷ സ്ഥിരം സമിതി ചെയര്‍പേഴ്സണായി പ്രവര്‍ത്തിച്ചിരുന്നു.
പക്ഷെ, ഭൂരിഭാഗം പ്രവര്‍ത്തകര്‍ക്കും ഉഷ നഗരസഭാ അധ്യക്ഷയാവുന്നതില് എതിര്‍പ്പുണ്ടെന്നാണ് സൂചനകള്‍. അതുകൊണ്ടുതന്നെ പി.കെ.ശ്യാമള ഒഴിയേണ്ടി വരികയാണെങ്കില്‍ കെ.പി.ശ്യാമള തന്നെ വരുമെന്നാണ് പറയപ്പെടുന്നത്.
അതിനിടെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം ഇന്ന് പി.കെ.ശ്യാമളയില്‍ നിന്നും ബന്ധപ്പെട്ട മറ്റ് നഗരസഭാ ഉദ്യോഗസ്ഥരില്‍ നിന്നും മൊഴിയെടുക്കും.
കണ്ണൂര്‍ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി വി.എ.കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ വളപട്ടണം സിഐ എം.കൃഷ്ണന്, എസ്ഐ വിജേഷ്, സീനിയര്‍ സിപിഒമാരായ രാജീവന്, ഗിരീശന് എന്നിവരുള്‍പ്പെട്ട സംഘമാണ് മൊഴിയെടുക്കുക.