നിശാന്ത് ഘോഷ്
കണ്ണൂർ: സംസ്ഥാന വനിതാ കമ്മീഷൻ ചെയർ പേഴ്സൺ സ്ഥാനത്തേക്ക് സിപിഎം കേന്ദ്രക്കമ്മിറ്റിയംഗവും മുൻ മന്ത്രിയും എംപിയുമായിരുന്ന പി.കെ. ശ്രീമതിക്ക് സാധ്യത.
മാന്യമായ പെരുമാറ്റവും സൗമ്യമായ സ്വഭാവവുമുള്ള വ്യക്തിയായിരിക്കണം ഇത്തരം സ്ഥാനത്തേക്ക് പരിഗണിക്കപ്പെടേണ്ടതെന്ന് സിപിഎമ്മിനകത്ത് നിർദേശം ഉയർന്നിട്ടുണ്ട്.
ജോസഫൈന്റെ പെരുമാറ്റ രീതി ഏറെ വിവാദമായത് പാർട്ടിയുടെ പ്രതിഛായയ്ക്കും മങ്ങലേൽപ്പിച്ചെന്നാണ് സിപിഎം വിലയിരുത്തൽ. വനിതാ കമ്മീഷന് നഷ്ടപ്പെട്ട ജനകീയ മുഖം തിരിച്ചു പിടിക്കാൻ പി.കെ. ശ്രീമതിക്കാവുമെന്നും പാർട്ടിക്കകത്ത് നിർദേശം ഉയർന്നിട്ടുണ്ട്.
ജോസഫൈന്റെ പെരുമാറ്റ രീതിയെ കുറിച്ച് പി.കെ. ശ്രീമതി പാർട്ടിക്കുള്ളിലും പുറത്തും ശക്തമായ വിമർശനമായിരുന്നു ഉയർത്തിയത്. ഒരേ പാർട്ടിക്കാരാണെങ്കിലും ഇരുവരും രണ്ടു ധ്രുവങ്ങളിലാണ്. കിളിരൂർ പീഡനക്കേസിൽ പെൺകുട്ടിയെ ഇരുവരും സന്ദർശിച്ചിരുന്നു.
എന്നാൽ ശ്രീമതി സന്ദർശിച്ചതിനു ശേഷമാണ് പെൺകുട്ടിയുടെ നില മോശമായതെന്ന് പ്രചാരണം ഉണ്ടായി. സമൂഹ മധ്യത്തിൽ പി.കെ. ശ്രീമതി വിചാരണ നേരിട്ടപ്പോൾ ഒരു തവണ പോലും പി.കെ. ശ്രീമതിക്കൊപ്പം താനുമുണ്ടായിരുന്നെന്ന് പറയാൻ ജൈസഫൈൻ തയാറാകുകയോ ശ്രീമതിയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുകയോ ചെയ്തിരുന്നില്ല.
ദീർഘകാലമായുള്ള പൊതു പ്രവർത്തനത്തിന്റെ അനുഭവ സന്പത്തും സൗമ്യമായ പെരുമാറ്റവുമാണ് പി.കെ. ശ്രീമതിയെ പരിഗണിക്കാൻ പാർട്ടിയെ പ്രേരിപ്പിക്കുന്നത്.
അധ്യാപികയായിരുന്ന പി.കെ. ശ്രീമതി കണ്ണൂർ ജില്ലാ കൗൺസിലിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സണായും 1995 മുതൽ 1997 വരെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു.
വി.എസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ ആരോഗ്യ മന്ത്രിയായി പ്രവർത്തിച്ചിരുന്ന വേളയിൽ സംസ്ഥാനത്ത സർക്കാർ ആശുപത്രികളുടെ മുഖഛായ മാറ്റിയ പദ്ധതികളായിരുന്നു നടപ്പാക്കിയത്. കണ്ണൂരിൽ നിന്നുള്ള എംപിയായും പ്രവർത്തിച്ചിരുന്നു.