സ്വന്തം ലേഖകൻ
കണ്ണൂർ: കണ്ണൂർ ലോകസഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി പി.കെ. ശ്രീമതി പ്രചാരണം തുടങ്ങി. മണ്ഡലത്തിലെ വിവിധയിടങ്ങളിൽ പോസ്റ്ററുകൾ ഉയർന്നു. പി.കെ. ശ്രീമതിയെ വീണ്ടും കണ്ണൂരിൽ മത്സരിപ്പിക്കാൻ ഇന്നലെയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചെങ്കിലും ഒരാഴ്ച മുന്പു തന്നെ പ്രചാരണം തുടങ്ങിയിരുന്നു. പി.കെ. ശ്രീമതിയുടെ വികസന നേട്ടങ്ങൾ അക്കമിട്ട് നിരത്തിയാണ് വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയുള്ള പ്രചാരണത്തിന് തുടക്കമിട്ടത്.
എന്നാൽ കോൺഗ്രസിൽ സ്ഥാനാർഥി നിർണയം സംബന്ധിച്ച കാര്യത്തിൽ തീരുമാനം ആയിട്ടില്ല. സ്ഥാനാർഥികളുടെ പട്ടിക പോലും കണ്ണൂർ ഡിസിസി നേതൃത്വം കൈമാറിയിട്ടില്ല. കെ. സുധാകരൻ മത്സരിക്കണമെന്നാണ് ഭൂരിപക്ഷം കോൺഗ്രസ് പ്രവർത്തകരുടെയും ആഗ്രഹം.സിറ്റിംഗ് എംപി ആയിരിക്കേയാണ് കഴിഞ്ഞ തവണ പി.കെ.ശ്രീമതിക്കു മുന്നിൽ സുധാകരൻ അടിയറവ് പറഞ്ഞത്.
ശബരിമല വിഷയത്തിൽ സുധാകരൻ എടുത്ത നിലപാടും സിപിഎം അക്രമരാഷ്ട്രീയത്തിനെതിരേയുള്ള നിലപാടും സുധാകരന് വിജയസാധ്യത നല്കുമെന്നാണ് കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം വിലയിരുത്തുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾ കെ.സുധാകരനുമായി ഇതിനകം ചർച്ച നടത്തി കഴിഞ്ഞു. സുധാകരന്റെ സമ്മതം മാത്രമാണ് ഇനി വേണ്ടത്.
ബിജെപിയും കണ്ണൂരിൽ ഒരു സ്ഥാനാർഥിയെ കണ്ടെത്താനുള്ള പരക്കം പാച്ചിലിലാണ്. കഴിഞ്ഞ തവണ അരലക്ഷത്തിലധികം വോട്ടുകൾ ബിജെപി സ്ഥാനാർഥി നേടിയിരുന്നു. ശക്തനായ ഒരു സ്ഥാനാർഥിയെ നിർത്തിയാൽ യുഡിഎഫിനും എൽഡിഎഫിനും വെല്ലുവിളി സൃഷ്ടിക്കാൻ ബിജെപിക്ക് കഴിയും.
ബിജെപി സംസ്ഥാന സെൽ കോർഡിനേറ്റർ കെ.രഞ്ചിത്തിന്റെ പേരാണ് ഉയർന്നു കേൾക്കുന്നത്. എസ്ഡിപിഐ സാന്നിധ്യവും കണ്ണൂർ ലോകസഭാമണ്ഡലത്തിൽ നിർണായകമാണ്.കഴിഞ്ഞ തവണ 20000 ത്തോളം വോട്ടുകൾ എസ്ഡിപിഐ സ്ഥാനാർഥി നേടി. ഇത്തവണ കഴിഞ്ഞ തവണ മത്സരിച്ച കെ.കെ. അബ്ദുൾ ജബാറിനെ എസ്ഡിപിഐ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങി കഴിഞ്ഞു.