സംസ്ഥാനത്ത് വ്യാപകമാവുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ രൂക്ഷപ്രതികരണവുമായി എം.പിയും സി.പി.ഐ.എം അംഗവുമായ പി.കെ ശ്രീമതി രംഗത്ത്. തന്റെ ഫേസ്ബുക്കിലിട്ട കുറിപ്പിലൂടെയാണ് പി.കെ ശ്രീമതി സൈബര്‍ ആക്രമണങ്ങളെ രൂക്ഷമായി വിമര്‍ശിച്ചത്.
സൈബര്‍ ആക്രമണം കിരാതമായിരിക്കുകയാണ്. വനിത കമ്മീഷന് ചെയര്‍പേര്‍സണ്‍ ജോസഫൈന് നേരെ ഉണ്ടായിരിക്കുന്ന ആക്രമണം അത്യന്തം അപലപനീയമാണ്. പി.കെ ശ്രീമതി പറഞ്ഞു.
ഞെട്ടിപ്പിക്കുന്ന വാക്കുകളാണ് സൈബര്‍ ഇടത്തില്‍ ഉപയോഗിക്കപ്പെടുന്നത്. ഏതെങ്കിലും അമ്മ പെറ്റ മക്കളാണോ ഇതൊക്കെ എഴുതിയതെന്നും പി.കെ. ശ്രീമതി പോസ്റ്റിലൂടെ ചോദിക്കുന്നു.
ഒരു ഫോണും സൈബര്‍ വലയും ഉണ്ടെങ്കില്‍ എന്തുമാവാം എന്ന് കരുതി ഇറങ്ങി പുറപ്പെട്ടവരെ നിലക്ക് നിര്‍ത്തേണ്ട സമയം അതിക്രമിച്ചു എന്ന് കൂട്ടിച്ചേര്‍ത്ത എം.പി, നടപടി അധികം വൈകാതെ ഉണ്ടാവും എന്നും സൂചിപ്പിച്ചു.
നേരത്തെ കുമ്പസാര വിഷയത്തിലാണ് വനിതാ കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈന് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നത്. ജോസഫൈന്റെ കുടുംബാംഗങ്ങള്‍ക്ക് നേരേയും അശ്ലീല പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു.
ശബരിമല വിഷയത്തില്‍ എടുത്ത നിലപാട് എന്തുകൊണ്ടാണ് വനിതാ കമ്മീഷന് കുമ്പസാര വിഷയത്തില്‍ സ്വീകരിക്കാത്തതെന്ന് ചോദിച്ചാണ് ജോസഫൈനെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുന്നത്.
ഹനാന് വിഷയത്തിലുള്ള സൈബര്‍ ആക്രമണവും പോലീസ് പരിഗണനയിലാണ്. നൂറുദ്ധീന്‍ ഷെയ്ഖ് എന്നയാളെ ഹനാനെ അധിക്ഷേപിച്ചതിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.