സ്വന്തംലേഖകന്‍
വടകര: പോലീസുദ്യോഗസ്ഥന്റെ വീട്ടിലെ സ്ഫോടനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ വിറക് പുരയില്‍ പടക്കങ്ങള്‍ സൂക്ഷിച്ചിരുന്നതായി സൂചന.
വിഷുവിന് ഉപയോഗിച്ചതിന്റെ ബാക്കി പടക്കങ്ങളും മറ്റും വിറകുപുരയിലുണ്ടായിരുന്നുവെന്നും എന്നാല്‍ വലിയ അളവില്‍ ഇവ സൂക്ഷിച്ചിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി.
സ്ഫോടനത്തിന് കാരണം ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചതാണ്. സംഭവസ്ഥലത്ത് നിന്ന് അരകിലോമീറ്റര്‍ അകലെ നിന്നും സിലിണ്ടറിന്റെ അവശിഷ്ടം കണ്ടെത്തിയിട്ടുണ്ട്.
അതിനാല്‍ മറ്റു ദുരൂഹതകളൊന്നുമില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്നും വടകര പോലീസ് അറിയിച്ചു.
ഇന്നലെ ശാസ്ത്രീയ പരിശോധനക്കായി ഫോറന്‍സിക് വിദഗ്ധര്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു. സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.
ഇവയുടെ പരിശോധനാ ഫലം ലഭിച്ചാല്‍ മാത്രമേ സ്ഫോടന സ്ഥലത്തുണ്ടായിരുന്ന വസ്തുക്കള്‍ സംബന്ധിച്ച് വ്യക്തത വരികയുള്ളൂ. ഷെഡില്‍ സൂക്ഷിച്ച മൂന്ന് സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്.
ആറ് കിലോ മീറ്റര്‍ ചുറ്റളവില്‍ വരെ ശബ്ദം ഉണ്ടായതായി പറയുന്നുണ്ട്. ഇതേതുടര്‍ന്നാണ് സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ഉയരാനിടയാക്കിയത്.
സംഭവത്തില്‍ വടകര ഡിവൈഎസ്പി മൂസവള്ളിക്കാടന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. വടകരയ്ക്കടുത്ത കളരിയുള്ളതില്‍ ക്ഷേത്രത്തിനടത്തുള്ള ദേവൂന്റവിട ചിത്രദാസന്റെ വീട്ടില്‍ ചൊവ്വാഴ്ച രാത്രിയാണ് സ്ഫോടനം നടന്നത്.
വടകര പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറാണ് ചിത്രദാസന്. വീടിന് സമീപത്തായി നിര്‍മിച്ച ചെറിയ മുറിയിലാണ് സ്ഫോടനം നടന്നത് .
താത്കാലികമായി നിര്‍മിച്ച മുറി സ്ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. പരിസരത്തെ പതിനഞ്ചോളം വീടുകളള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു.
ചിത്രദാസന്റെ ഇരുനില വീടിനും, മുറ്റത്ത് നിര്‍ത്തിയിട്ട കാറിനും തൊട്ടടുത്തുള്ള രണ്ട് വീടുകള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.