പുതുനഗരം: പഞ്ചായത്ത് കാര്യാലയത്തിനു സമീപം വാഹനത്തിരക്കേറിയ പാതയിൽ ആട്ടിൻകൂട്ടത്തെ മേയാൻ വിടുന്ന ഉടമയ്ക്കെതിരേ നടപടിയെടുക്കണമെന്ന് യാത്രക്കാരുടെ ആവശ്യം ശക്തമായി. വാഹനാപകടങ്ങൾ പതിവായ ഇവിടെ പോലീസ് ബാരിക്കേഡ് സ്ഥാപിച്ച് വേഗത നിയന്ത്രിക്കാൻ നടപടിയെടുത്തിട്ടുണ്ടെങ്കിലും ഇവിടേയ്ക്കാണ് ആടുകൾ കൂട്ടമായി എത്തുന്നത്.
ഇവയെ ഇടിക്കാതിരിക്കാൻ വാഹനങ്ങൾ റോഡിന്റെ വലതുവശത്തുകൂടിയാണ് ഇരുവശത്തേക്കും സഞ്ചരിക്കുന്നത്. അബദ്ധത്തിൽ റോഡിൽ നില്ക്കുന്ന ആടിനെ ഇടിച്ചാൽ വാഹന ഉടമയിൽനിന്ന് യഥാർഥ സംഖ്യയുടെ ഇരട്ടിയാണ് ആടിന്റെ ഉടമസ്ഥൻ ആവശ്യപ്പെടുന്നതത്രേ.
ഉടമയില്ലാതെ നിരത്തിൽ നാല്ക്കാലികളെ വിടാൻ പാടില്ലെന്നു നിയമവ്യവസ്ഥയുണ്ടെങ്കിലും ഇതു ലംഘിക്കുന്ന സ്ഥിതിയാണുള്ളത്. രണ്ടായിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളും ഇവിടെ പ്രവർത്തിക്കുന്നു. ഗതാഗതം തടസപ്പെടുന്ന രീതിയിലാണ് ആട്ടിൻകൂട്ടം റോഡിൽ കിടക്കുന്നത്.