സ്വന്തം ലേഖകൻ
തൃശൂർ: പ്രളയത്തിന് സമാനമായ സ്ഥിതിയിലേക്ക് തൃശൂർ ജില്ലയിൽ മഴയും കാറ്റും ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് പലയിടത്തു നിന്നും പലായനം തുടങ്ങി. കനത്ത മഴയും ഡാമുകളുടെ ഷട്ടറുകൾ തുറക്കുന്നതും പ്രളയത്തിന് സാധ്യതയുണ്ടെന്ന ആശങ്കയിലാണ് ജനങ്ങൾ.
ഇന്നലെ രാത്രിയും ഇന്നു രാവിലെയും ജില്ലയിൽ മഴ കനക്കുകയാണ്.ജില്ലയിലെ ചെറുതും വലുതുമായ ഡാമുകളുടെ ഷട്ടറുകൾ പലയിടത്തും തുറന്നിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. ആളപായങ്ങൾ എവിടെയും റിപ്പോർട്ടു ചെയ്തിട്ടില്ല.
പറന്പിക്കുളം ഗ്രൂപ്പ് ഡാമുകളിലൊന്നായ തൂണക്കടവ് ഡാമിൽ നിന്ന് തമിഴ്നാട്ടിലേക്കു വെളളം കൊണ്ടുപോകുന്ന കനാൽ തകർന്നതിനാൽ തൂണക്കടവിൽ നിന്നും പെരിങ്ങൽകുത്തിലേക്കു വെള്ളം ഒഴുക്കിത്തുടങ്ങി. ഏകദേശം 400 ക്യൂബിക് മീറ്റർ വെള്ളമാണ് പെരിങ്ങൽകുത്തിലേക്ക് എത്തുന്നത്. ഇതിനാൽ ചാലക്കുടി പുഴയിലെ ജലനിരപ്പ് നിലവിലുള്ളതിൽ നിന്ന് ഒരടിയോളം ഉയരാൻ ഇടയുണ്ടെന്ന് അധികൃതർ അറിയിച്ചു.
ജില്ലയിലെ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു. തുന്പൂർമൂഴി, അതിരപ്പിള്ളി, വാഴച്ചാൽ വിനോദസഞ്ചാരകേന്ദ്രങ്ങളാണ് അടച്ചത്. ആനമല റോഡിലൂടെ അതിരപ്പിള്ളി-മലക്കപ്പാറയിലേക്കുള്ള ഗതാഗതം നിരോധിച്ചു. പെരിങ്ങൽകുത്ത് വാഴച്ചാൽ കോളനികളിലെ ആദിവാസികളെ മാറ്റിപാർപ്പിച്ചു. ചാലക്കുടി, കൊടുങ്ങല്ലൂർ, മുകുന്ദപുരം, തലപ്പിള്ളി താലൂക്കുകളിലായി 145 കുടുബങ്ങളെ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറ്റി.
പലയിടത്തും പന്പ് ഹൗസുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പന്പിംഗ് നിർത്തി വെച്ചിരിക്കുകയാണ്. ശക്തമായ കാറ്റിൽ വൈദ്യുതി പോസ്റ്റുകൾ വ്യാപകമായി നിലംപൊത്തിയതിനാൽ ജില്ലയുടെ മിക്ക ഭാഗങ്ങളിലും വൈദ്യുതി വിതരണം കഴിഞ്ഞ രണ്ടു ദിവസമായി നിലച്ചിരിക്കുകയാണ്. വൈദ്യുതിവിഭാഗം 24 മണിക്കൂറും പണിയെടുത്ത് വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള നടപടികൾ തുടരുകയാണ്.
ഭാരതപ്പുഴയും ചാലക്കുടി പുഴയുമടക്കം ജില്ലയിലൂടെ ഒഴുകുന്ന പുഴകൾ നിറഞ്ഞിട്ടുണ്ട്. ചാലക്കുടി പുഴയിൽ ജലനിരപ്പുയരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് പരക്കെ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. വ്യാപകമായ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. ചില റൂട്ടുകളിൽ ബസ് സർവീസും നിർത്തിവച്ചിരിക്കുകയാണ്. ആളുകൾ അത്യാവശ്യ സാധനസാമഗ്രികൾ വാങ്ങി സ്റ്റോക്കു ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. പന്പുകളിലും രാവിലെ തിരക്കനുഭവപ്പെട്ടു.
പുലർച്ചെ മൂന്നിന് വിളിച്ചുണർത്തി ചാലക്കുടിയിൽ രക്ഷാപ്രവർത്തനം
ചാലക്കുടി: ചാലക്കുടി, അതിരപ്പിള്ളി മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ ഇന്നു പുലർച്ചെ മൂന്നു മണിയോടെ വിളിച്ചുണർത്തി രക്ഷാപ്രവർത്തനം. പെരിങ്ങൽക്കുത്ത് ഡാമിന്റെ ഷട്ടറുകൾ കൂടുതൽ തുറക്കുമെന്നും ചാലക്കുടി പുഴ ഉടനേ കവിഞ്ഞൊഴുകുമെന്നുമുള്ള മുന്നറിയിപ്പനുസരിച്ചാണ് എല്ലാവരേയും എഴുന്നേൽപ്പിച്ച് ഒഴിപ്പിച്ചത്. ചാലക്കുടി മേഖലയിൽ വെള്ളം കയറിത്തുടങ്ങുന്നതിനു മുന്പേ കളക്ടറേറ്റിൽനിന്നുള്ള അറിയിപ്പനുസരിച്ചാണ് താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റിയത്.
ചിലർ ദുരിതാശ്വാസ ക്യാന്പുകളിലേക്കും മറ്റു ചിലർ വാഹനങ്ങളിൽ ബന്ധുവീടുകളിലേക്കും പുലർച്ചെ അര മണിക്കൂറിനകംതന്നെ മാറി. കഴിഞ്ഞ വർഷം പെരിങ്ങൽക്കുത്ത് ഡാമിനു മുകളിലൂടെ വെള്ളം ഒഴുകിയെത്തി നിമിഷങ്ങൾക്കകം മുങ്ങിപ്പോയ അനുഭവമുള്ളതിനാൽ ചാലക്കുടി മേഖലയിലുള്ളവർ കരുതലോടെയും അതിവേഗത്തിലുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. മണിക്കൂറുകൾക്കകം പെരിങ്ങൽക്കുത്ത് ഷട്ടറുകൾ തുറന്ന് വെള്ളമൊഴുകി ചാലക്കുടി പുഴയോരത്തെ 29 പന്പ് ഹൗസുകളും മുങ്ങി. കരുവന്നൂർ പുഴയോരത്തെ പന്പ് ഹൗസുകളിലും വെള്ളം കയറി.
പത്തു ബോട്ടുമായി 25 നീന്തൽ വിദഗ്ധർ തൃശൂരിലെത്തി
തൃശൂർ: അടിയന്തര ഘട്ടങ്ങളെ നേരിടാൻ പത്തു ബോട്ടുകളുമായി 25 അംഗ സമുദ്ര രക്ഷാസേനാംഗങ്ങൾ തൃശൂരിലെത്തി. വെള്ളപ്പൊക്ക പ്രദേശങ്ങളിൽ ബോട്ടുമായി രക്ഷാപ്രവർത്തനം നടത്താൻ പരിശീലനം നേടിയവരാണ് തൃശൂരിൽ എത്തിയിരിക്കുന്നത്.