വടക്കഞ്ചേരി: വാൽകുളന്പിനടുത്ത് പെരുംപരുത പാറക്കുന്നിലെ കുറ്റിക്കാട്ടിൽ വച്ച് മാനഭംഗശ്രമത്തിനിടെ കൊല്ലപ്പെട്ട വീട്ടമ്മ അനുഭവിക്കേണ്ടി വന്നത് ക്രൂരവും മനുഷ്യത്വരഹിതവുമായ പീഢനങ്ങൾ. കൊടുന്പാല ചേക്കയിൽ വർഗീസിന്റെ ഭാര്യ സിസിലി (66) ക്കാണ് വൈകൃതങ്ങൾക്ക് അടിമപ്പെട്ട പ്രതിയിൽ നിന്നു നിഷ്ഠൂരമായ അതിക്രമം ഏൽക്കേണ്ടിവന്നത്.
തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെ വീട്ടിൽനിന്നു മൂന്ന് കിലോമീറ്റർ ദൂരമുള്ള കുന്നേൽ എസ്റ്റേറ്റിലെ പാചക പണികൾക്ക് പോകാൻ കുറുക്കുവഴികൾ താണ്ടി പൊന്തക്കാടായ പാറക്കുന്നിലെത്തിയതാണ് ഇവർ.
വീട്ടമ്മയെ ഇരുട്ടിൽ പതിയിരുന്ന പ്രതി ബിജു ദേവസ്യ (40) പിന്നിൽനിന്നു പിടികൂടി വലിച്ചിഴച്ച് പത്തു മീറ്റർ മാറിയുള്ള കല്ലുകൾ അടുക്കി വച്ചുണ്ടാക്കുന്ന മൂന്നടി ഉയരമുള്ള കയ്യാല തിട്ടിൽ എത്തിച്ചു. ഈ സമയം കൊല്ലരുതെ എന്ന് പറഞ്ഞു് വീട്ടമ്മ നിലവിളിച്ചപ്പോൾ കുറച്ചുസമയം വായ് പൊത്തിപ്പിടിച്ച് ഇവരെ കയ്യാല തിട്ടിൽ നിന്നും താഴേക്ക് തള്ളിയിട്ടു.
അബോധാവസ്ഥയിലായ വീട്ടമ്മയെ പ്രതി പത്തു മീറ്റർ ദൂരം എടുത്തുകൊണ്ട് പോയി പ്രവർത്തനമില്ലാതെ കിടക്കുന്ന ചെറിയ കരിങ്കൽ ക്വാറിക്കടുത്തെ കുറ്റിക്കാട്ടിൽ കിടത്തി. ശ്വാസം മുട്ടലിന്റെ അസുഖമുള്ള വീട്ടമ്മക്ക് ഈ സമയം ജീവന്റെ ചെറിയ ഞെരുക്കം മാത്രമാണുണ്ടായിരുന്നതെന്ന് സംഭവസ്ഥലത്തെ തെളിവെടുപ്പിനിടെ പ്രതി അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് വിശദീകരണം നൽകി.
ജീവച്ഛവമായി കിടന്നിരുന്ന വീട്ടമ്മയെ ഇയാൾ ക്രൂരമായി പീഡിപ്പിച്ചു. കുറച്ചു സമയം സ്ഥലത്ത് കാത്തുനിന്ന പ്രതി വീട്ടമ്മയുടെ കഴുത്ത് ഞെരിച്ച് മരണം ഉറപ്പാക്കിയാണ് കുന്നിൻചെരിവിന്റെ എതിർ ഭാഗത്തുള്ള വീട്ടിലേക്ക് പോയത്.ആളെ തിരിച്ചറിയുമെന്നതിന്നാലായിരുന്നു കൊല നടത്തിയത്.
ഇടുക്കി സ്വദേശിയായ പ്രതി ബിജു (40) നേരത്തെ പാലക്കുഴി പോത്തുമടയിലായിരുന്നു താമസം. ഏഴുവർഷത്തോളമായി പാറക്കുന്നിന്റെ ചെരിവിലാണ് ഷെഡ് കെട്ടി കഴിയുന്നത്. ഭാര്യയും രണ്ടുചെറിയ കുട്ടികളും ഇയാൾക്കുണ്ട്. നേരത്തേയും ഇയാൾ സ്ത്രീകൾക്കു നേരെ വൈകൃതങ്ങൾ ചെയ്തിരുന്ന ആളാണെന്ന് പോലീസ് പറഞ്ഞു. എന്നാൽ അതെല്ലാം ഒത്തുതീർപ്പാക്കി കേസ് ഒഴിവാക്കുകയായിരുന്നു. ഇത് പ്രതിയുടെ ഇത്തരം വൈകല്യങ്ങൾ തുടരാൻ സഹായിച്ചെന്ന് കേസന്വേഷണത്തിന് ചുക്കാൻ പിടിച്ച ആലത്തൂർ ഡിവൈഎസ്പി കെ.എം. ദേവസ്യ പറഞ്ഞു.
പ്രതിയെ ഇന്ന് ആലത്തൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ 37 വർഷമായി വീട്ടമ്മ ഈ പാറക്കുന്ന് വഴിയാണ് തോട്ടത്തിലേക്ക് പണിക്ക് പോയിരുന്നത്. കാട്ടാനയും പുലിയും പന്നി കൂട്ടങ്ങളും ഉള്ള പ്രദേശമാണ് ഇവിടെ.
എന്നാൽ മൃഗങ്ങളുടെ ആക്രമണം ഒരിക്കൽ പോലും ഉണ്ടായിട്ടില്ലെന്ന് വീട്ടമ്മയുടെ ബന്ധുക്കൾ പറഞ്ഞു. ഏതാനും ആഴ്ചകൾക്ക് മുന്പ് ഇവർ കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽപ്പെട്ടു. എന്നാൽ ഏറെ ധൈര്യവതിയായ വീട്ടമ്മ നടവഴിയിൽ തന്നെനിന്നു. ആനകൾ മണം പിടിച്ച് ചുറ്റും കറങ്ങിയെങ്കിലും കുറച്ച് കഴിഞ്ഞ് അവ മാറിപ്പോയെന്ന് മകൾ പറയുന്നു.എന്തായാലും മരണം കൊലപാതകമാണെന്ന് തെളിഞ്ഞ് രണ്ടുദിവസത്തിനുള്ളിൽ പ്രതിയെ പിടികൂടാനായത് പോലീസിന് വലിയ നേട്ടമായി.