വടക്കഞ്ചേരി: കണിച്ചിപരുതയ്ക്കടുത്ത് കൊടുന്പാല പെരുംപരുത പാറക്കുന്നിലെ കുറ്റിക്കാട്ടിൽ വീട്ടമ്മയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിൽ പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചു. പ്രദേശത്തു തന്നെയുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന യുവാവിനെ കേന്ദ്രീകരിച്ചുള്ള അന്വേക്ഷണമാണ് വഴിതിരിവായിട്ടുള്ളത്.
ഏതാനും പേരെ കസ്റ്റഡിയിലെടുത്തതിൽനിന്നാണ് ഇയാളിലേക്ക് അന്വേഷണം നീങ്ങിയത്. ആലത്തൂർ ഡിവൈഎസ്പി കെ.എം. ദേവസ്യ, വടക്കഞ്ചേരി സിഐ ബി.സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷണം നടത്തുന്നത്.
ഇന്ന് വൈകീട്ടോടെ പ്രതിയെക്കുറിച്ചുള്ള ചിത്രം വ്യക്തമാകുമെന്നാണ് പോലീസ് നൽകുന്ന വിവരം. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെയാണ് പെരുംപരുത പാറക്കുന്നിലെ കുറ്റിക്കാട്ടിൽ കൊടുന്പാല ചേക്കയിൽ വർഗ്ഗീസിന്റെ ഭാര്യ സിസിലി (66) യുടെ മൃതദേഹം നഗ്നമായ നിലയിൽ കണ്ടെത്തിയത്. മുഖം തുണികൊണ്ട് മൂടിയ നിലയിലായിരുന്നു. ഒറ്റക്ക് താമസിച്ചിരുന്ന ഇവർ മൂന്ന് കിലോമീറ്ററോളം ദൂരെയുള്ള കുന്നേൽ എസ്റ്റേറ്റിലാണ് പണിക്ക് പോയിരുന്നത്.
വീട്ടിൽനിന്ന് അതിരാവിലെ കുറ്റിക്കാടുകളിലെ കുറുക്കുവഴിക്കാണ് എസ്റ്റേറ്റിലേക്ക് പോവുക. സ്ഥിരമായി നടന്നുപോകുന്ന വഴിയിൽ നിന്നും 50 മീറ്റർ മാറി ചെറിയ കരിങ്കൽ ക്വാറിക്കടുത്തെ പൊന്തക്കാട്ടിലാണ് മൃതദേഹം കിടന്നിരുന്നത്. പ്രായത്തിന്റെ അവശതകൾക്കൊപ്പം അസുഖങ്ങളുമുള്ള വീട്ടമ്മ മെലിഞ്ഞ ശരീര പ്രകൃതമായിരുന്നു. 37 വർഷമായി ഈ കുറ്റിക്കാട്ടിലൂടെ പോയാണ് ഇവർ എസ്റ്റേറ്റിലെത്തിയിരുന്നത്.
ഇതിനാൽ ഇവർ പ്രദേശവാസികൾക്കെല്ലാം സുപരിചിതയുമാണ്. ഇതിനാലാണ് തുടക്കത്തിൽ തന്നെ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം മുന്നോട്ടുകൊണ്ട് പോയത്. പീഡന ശ്രമത്തിനിടെയാകണം കൊലപാതകമെന്നാണ് നിഗമനം.കഴുത്തു ഞെരിച്ചാണ് വീട്ടമ്മയെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞിരുന്നു.