ഒറ്റപ്പാലം: വള്ളുവനാടിന്റെ ശിരസെന്ന് വിശേഷിപ്പിക്കുന്ന അനങ്ങൻമല സന്പൂർണ നാശത്തിലേക്കെന്ന് പഠനങ്ങൾ. ആലപ്പുഴ ജില്ലയിലെ അസിസ്റ്റൻറ് ജിയോളജിസ്റ്റ് ഡോ. എ.ബദറുദീൻ, ചെങ്ങന്നൂർ സോയിൽ കണ്‍സർവേഷൻ ഓഫീസർ ലൈജു മണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വിദഗ്ധ പരിശോധനയിലാണ് അനങ്ങൻമലയുടെ നിലനില്പ് അപകടത്തിലാണെന്നു കണ്ടെത്തിയത്.
നിലവിൽ അനങ്ങൻമലയുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥ ഏറെ ദുർബലമാണന്നാണ് കണ്ടെത്തൽ. കോടിക്കണക്കിന് വർഷങ്ങൾകൊണ്ട് സംഭവിക്കുന്ന ബലക്ഷയമാണ് പാറകളും മണ്ണും തമ്മിലുള്ള സന്തുലിതാവസ്ഥയെ ബാധിച്ചിരിക്കുന്നതെന്നാണ് വിദഗ്ദ്ധസംഘം പറയുന്നത്.
മുൻകാലങ്ങളിൽനിന്നും വിഭിന്നമായി കഴിഞ്ഞ രണ്ടുവർഷവും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പെയ്ത മഴയിൽ ബലക്ഷയം ബാധിച്ച പാറക്കൂട്ടങ്ങളും മണ്ണും തമ്മിലുള്ള സന്തുലിതാവസ്ഥ അപകടത്തിലായ പ്രദേശങ്ങളിലെല്ലാം ഉരുൾപൊട്ടലുണ്ടായി.
അനങ്ങൻമലയിൽ ഇനിയും അതിശക്തമായ ഉരുൾപൊട്ടലുണ്ടാകാനാണ് സാധ്യതയെന്ന് വിദഗ്ധസമിതി വ്യക്തമാക്കുന്നു.കഴിഞ്ഞവർഷം നാടാകെ പ്രളയവും കെടുതിയും സൃഷ്ടിച്ച പേമാരിയുടെ നാളുകളിൽ അനങ്ങൻമലയിൽ ചെറുതും വലുതുമായ ഉരുൾപൊട്ടലുണ്ടായി.
ഈ പ്രദേശങ്ങളിൽ വിദഗ്ധസമിതി പരിശോധനയും നടത്തിയിരുന്നു.
ഒറ്റപ്പാലം നഗരാതിർത്തിയിലെ വരോട്, വടക്കുംമുറി, ചീനിക്ക പറന്പ്, നാലാംമൈൽ പ്രദേശങ്ങളിൽ കനത്ത മഴയുള്ളപ്പോൾ റെഡ് അലർട്ട് പ്രഖ്യാപിക്കണമെന്ന് സർക്കാരിന് വിദഗ്ധസംഘം റിപ്പോർട്ട് നല്‍കിയിരുന്നു.
മലയെ ബാധിച്ചിരിക്കുന്ന ബലക്ഷയം പ്രകൃതിയുടെ സ്വാഭാവിക പരിണാമപ്രക്രിയയുടെ ഭാഗമാണെങ്കിലും വനാതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ കുടിയേറ്റങ്ങളും നിർമാണപ്രവർത്തനങ്ങളും അനുവദിക്കരുതെന്ന കർശന നിർദേശവും വിദഗ്ധർ നല്‍കിയിട്ടുണ്ടെന്നാണ് സൂചന.
തൃക്കടീരി, അനങ്ങനടി, അന്പലപ്പാറ പഞ്ചായത്തുകളുമായും ഒറ്റപ്പാലം നഗരസഭയുമായും അതിരുകൾ പങ്കിടുന്ന അനങ്ങൻമലയിൽ മേലൂർ, കീഴൂർ പ്രദേശങ്ങളിൽ ഉരുൾപൊട്ടലുകൾ ബാധിച്ച പ്രദേശങ്ങളിലും ജനവാസമേഖലകളിലും മഴക്കാലത്ത് കനത്ത ജാഗ്രത പാലിക്കണമെന്നത് അടക്കമുള്ള നിർദേശങ്ങളും വിദഗ്ധസമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കഴിഞ്ഞവർഷം മേലൂർ കീഴ്പാടം കോളനി പ്രദേശത്ത് സംഭവിച്ചത് വൻ ഉരുൾപൊട്ടലാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഒറ്റപ്പാലം നഗരാതിർത്തിയിലെ വരോട് നാലാംമൈലിൽ കരിങ്കൽ ക്വാറി തുടങ്ങാൻ നഗരസഭ ഒഴികെയുള്ള സർക്കാർ വകുപ്പുകൾ അനുമതി നല്‍കിയത് അപകടമേഖലയോട് ചേർന്നുള്ള പ്രദേശത്താണ്.
വരോട്, വടക്കുമുറി, ചീനിക്കപറന്പ്, നാലാംമൈൽ പ്രദേശങ്ങളിൽ ഉരുൾപ്പൊട്ടലുണ്ടായ പ്രദേശങ്ങളിൽ ഇനിയും ഇത് ആവർത്തിക്കാനുള്ള സാധ്യതയിലേക്കാണ് വിരൽചൂണ്ടുന്നത്.
കരിങ്കൽ ക്വാറിയുമായി ബന്ധപ്പെട്ട നിർമാണപ്രവർത്തനങ്ങൾക്കായി വലിയതോതിൽ പാറപൊട്ടിക്കൽ നടത്തിയതുമൂലം പരിസരത്തെ വീടുകളുടെ ചുമരുകളിൽ വിള്ളലുകൾ വരുത്തിയിട്ടുണ്ട്.
അനങ്ങൻമലയിൽ ഇപ്പോഴും കരിങ്കൽ ക്വാറിയുടെ പ്രവർത്തനം നടന്നുവരുന്നു. എന്നാലിത് ഗുരുതരമായ സാഹചര്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്. മുൻവർഷങ്ങളിൽ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളിൽ തന്നെയാണ് കരിങ്കൽക്വാറി പ്രവർത്തനം നടത്തുന്നത്.
ശക്തമായ ബഹുജന പ്രക്ഷോഭം ഇതിനെതിരെ നടക്കുന്നുണ്ടെങ്കിലും കരിങ്കൽ ക്വാറിയുടെ പ്രവർത്തനം മുന്നോട്ടുപോകുകയാണ്.
ഭയപ്പെടുത്തുന്ന തരത്തിൽ അനങ്ങൻമലയുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥ അപകടത്തിൽപെട്ടിട്ടും ഇതിനെതിരെ അനങ്ങൻമലയെ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ അധികൃതർ തയാറാകാത്തത് വൻദുരന്തത്തെ ക്ഷണിച്ചുവരുത്തുമെന്ന കാര്യം ഉറപ്പാണ്.