അഗളി: ചെമ്മണ്ണൂർ ഭവാനിപുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപെട്ട കോയന്പത്തൂർ ഇടയാർപാളയം സ്വദേശികളായ റോഷൻ- ഖുഷി ദന്പതികളെ രക്ഷിച്ച യുവാവിനെ ആദരിച്ചു. ഖുഷി ഒഴുക്കിൽപെട്ടപ്പോൾ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവ് റോഷനും ഒഴുക്കിൽപെടുകയായിരുന്നു.
സമീപത്തു കുളിച്ചിരുന്ന സ്ത്രീകൾ ഇതുകണ്ടു ബഹളം വയ്ക്കുന്ന ശബ്ദംകേട്ട് റോഡിലൂടെ ഓട്ടോ ഓടിച്ചുപോയ എൽഫിൻ ജോണി വാഹനം നിർത്തി ഓടിയെത്തി പുഴയിലേക്കു ചാടി സാഹസികമായി ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. ഖുഷിയുടെ കൈ മാത്രമേ വെള്ളത്തിനു മുകളിൽ കണ്ടിരുന്നുള്ളൂ.
എന്നാൽ പുഴയിൽ ചാടിയപ്പോഴാണ് മറ്റൊരാൾ കൂടി വെള്ളത്തിലുണ്ടെന്നു മനസിലായത്.
മരണവെപ്രാളത്തിൽ രണ്ടുപേരും എൽഫിൻ ജോണിയുടെ കഴുത്തിൽ പിടിച്ചെങ്കിലും സാഹസികമായി രണ്ടുപേരെയും രക്ഷപ്പെടുത്തുകയായിരുന്നു.ഈമാസം 18ന് കോയന്പത്തൂരിൽനിന്നും അട്ടപ്പാടി കാണാൻ എത്തിയവരായിരുന്നു ഇരുവരും. ഭവാനിപുഴയിൽ നല്ല ഒഴുക്കും രണ്ടുമൂന്നാൾക്കു താഴ്ചയും ഉള്ളിടത്തുനിന്നാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്.
സമയോചിത ഇടപെടലിലൂടെ ദന്പതികളെ രക്ഷിച്ച എൽഫിൻ ജോണിയുടെ ധീരതയെ ചെമ്മണ്ണൂരിൽ ചേർന്ന യോഗത്തിൽ കേരള കോണ്ഗ്രസ്- ജേക്കബ് അഗളി മണ്ഡലം കമ്മിറ്റി ആദരിച്ചു. അഗളി മണ്ഡലം പ്രസിഡന്റ് വി.ഡി.ജോസഫ് എൽഫിൻ ജോണിയെ പൊന്നാട അണിയിച്ചു കാഷ് അവാർഡ് നല്കി.
എൽഫിൻ ജോണിയുടെ ധീരതയ്ക്ക് സർക്കാരുമായി ബന്ധപ്പെട്ട് ധീരതയ്ക്കുള്ള അവാർഡ് ലഭ്യമാക്കുന്നതിനും പാർട്ടി ശ്രമിക്കുമെന്ന് ജില്ലാ ട്രഷറർ വി.എം.തോമസ്, ചെമ്മണ്ണൂർ വാർഡ് മെംബറും വനിതാ കോണ്ഗ്രസ് ജില്ലാ പ്രസിഡന്റുമായ മിനി രാജൻ, ഏലിയാസ് ചെറുകര, എം.ജെ.ജോസഫ് മുണ്ടുപാലം, ലീന ഷാജി, മിനി പുല്ലുകാനയിൽ, രാജൻ താഴത്തെവീട്ടിൽ തുടങ്ങിയവർ വ്യക്തമാക്കി.