ഒറ്റപ്പാലം: കാഴ്ചക്കാർക്ക് കൗതുകമായി ഒരു കുതിര. അശ്വമേധത്തിനിറങ്ങിയ കുതിരയല്ലങ്കിലും ആരും ഇതിനെ പിടിച്ചുകെട്ടാറില്ല.
ആനയും കുതിരയും കാഴ്ചക്കാർക്കെന്നും കൗതുകമാണ്. പശുക്കളെപ്പോലെ മേച്ചിൽപ്പുറങ്ങൾ തേടിയലയുന്ന ഈ കുതിരക്കാഴ്ച ലക്കിടിയിലാണ്.
പശുക്കളെ പോലെ വഴിയോരങ്ങളിൽ പുല്ല് തിന്നുനടക്കുന്ന കുതിര എവിടെ നിന്നുവരുന്നു, എവിടേയ്ക്ക് പോകുന്നുവെന്ന കാര്യം രഹസ്യമായി തുട രുന്നു.
ആളുകളുമായി വളരെയിണക്കമുള്ള കുതിര നാട്ടുകാരുടെ ഓമനയും കുട്ടികളുടെ ഹീറോയുമാണ്.
ലക്കിടി, മംഗലം പാതയോരങ്ങളിൽ പശുക്കൾ പുല്ലു തിന്നുന്ന മാതൃകയിൽ കുതിരയും മേഞ്ഞ് നടക്കുന്നത് കൗതുക കാഴ്ചയായി മാറിയിട്ടുണ്ട്.
എല്ലാവരോടും ഇണക്കം കാണിക്കുന്ന കുതിരയെ ഒറ്റനോട്ടത്തിൽ പശുവാണെന്ന് തെറ്റിദ്ധരിക്കുന്നവരും ധാരാളം.
കുളന്പടി മുഴക്കി ചിനച്ച് പ്രൗഢി കാണിക്കാനും കുതിര തയാറല്ല. ശാന്തതയാണ് സ്ഥായീഭാവം. കുട്ടികൾക്ക് തഴുകി തലോടാനും ഓമനിക്കാനും നിന്നുകൊടുക്കാനും കുതിര തയാറാണ്.
വാഹനയാത്രക്കാർക്ക് സെൽഫിയെടുക്കാൻ പോസ് ചെയ്യാനും ഡിമാന്റില്ല. മുതിരയാണ് തീറ്റയ്ക്ക് ഇഷ്ടമെങ്കിലും വഴിയോരത്തെ പുല്ല് തന്നെ വിശപ്പടക്കാൻ മാത്രം ആഗ്രഹം.
ആക്രമിക്കാൻ മുതിരുന്ന പശുക്കൾക്കും തെരുവുനായ്ക്കൾക്കും മുന്പിൽ മാത്രം അടിപതറാൻ അശ്വം തയാറല്ല.
പ്രത്യാക്രമണം ഉറപ്പ്. പുല്ലിനുപുറമേ വിശപ്പടക്കാൻ പറ്റുന്ന പച്ചപ്പുകളെല്ലാം ഇഷ്ടവിഭവമാണ്.
വഴിയോരങ്ങളിൽ തീറ്റി കഴിഞ്ഞാൽ വിശ്രമത്തിനായ് കണ്ണടച്ച് ഒറ്റനിൽപ്പാണ്. ഇത് ചിലപ്പോൾ കുറച്ചധിക സമയം വരേക്കും നീളും.
കുതിരയേ കാണാനും ഫോട്ടോയെടുക്കാനും ഉത്സാഹിക്കുന്നവരിൽ പ്രായമായവരും ധാരാളം. ഒരു മാസത്തിലധികമായി വഴിയോര കാഴ്ചയുടെ കൗതുകമായി ഈ അശ്വം പാതയോരങ്ങളിലുണ്ട്.