ചിറ്റൂർ: ആലാംകടവു നിലന്പതിക്കുമേൽ കുത്തിയൊഴുകിയ വെള്ളത്തിൽ നാട്ടുകാരുടെ വിലക്കു മറികടന്നു ബൈക്കിൽ യാത്രചെയ്ത് അപകടത്തിൽപ്പെട്ടയാളെ യുവാക്കൾ ജീവൻ പണയപ്പെടുത്തി രക്ഷപ്പെടുത്തി. വെള്ളിയാഴ്ച 6.45 നാണ് സംഭവം. കോരിയാർചള്ള നാരായണനാണ് ബൈക്കുമായി കുത്തിയൊലിക്കുന്ന മലവെള്ളപ്പാച്ചിലിൽ നിലന്പതിയിലേക്ക് ഇറങ്ങിയത്.
പാലത്തിന്റെ മധ്യഭാഗത്തെത്തിയതോടെ നിയന്ത്രണം വിട്ട യുവാവ് നിലവിളിച്ചു. പാലത്തിന്റെ ഇരുകരകളിലും നിന്നവർഫയർഫോഴ്സിനു വിവരം നല്കി. ഇതിനിടെ അപകടത്തിൽപ്പെട്ട നാരായണൻകുട്ടിയുടെ സുഹൃത്തുക്കളായ മൂന്നുപേർ സാഹസികമായി ഇയാളെ രക്ഷപ്പെടുത്തി.പാലത്തിൽ കുടുത്തിയ ബൈക്കും കരയിലെത്തിച്ചു.
യുവാവിനെ രക്ഷിച്ച മൂവരേയും സ്ഥലത്തുണ്ടായിരുന്നവർ അഭിനന്ദിച്ചു. മുന്നറിയിപ്പ് വകവയ്ക്കാതെ നിലന്പതി കടക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ താക്കീതു ചെയ്തു. പെരുമാട്ടിയിൽ താഴ്ന്ന വയലുകളെല്ലാം വെള്ളത്തിൽ മുങ്ങി. നല്ലേപ്പിള്ളി നരിപ്പാറയിൽ മരുതന്റെ മകൻ വേലായുധന്റെ വീടിനുമുകളിൽ മരകൊന്പുവീണ് തകർന്നു. ചെറുനെല്ലി കോളനിയിൽ വെള്ളം കയറിയതിനാൽ എട്ടുകുടുംബങ്ങളിലെ 28 പേരെ മീനാക്ഷിപുരം ട്രൈബൽ ഹോസ്റ്റിലിൽ പാർപ്പിച്ചിരിക്കുകയാണ്.
കൊല്ലങ്കോട് താടനാറയിൽനിന്നും പത്തു കുടുംബങ്ങളെ വടവന്നൂർ എയുപി സ്കൂളിൽ പാർപ്പിച്ചിരിക്കുകയാണ്. വണ്ടിത്താവളം മണിയാട്ടുകുളന്പ് മണി, എലവഞ്ചേരി ഇന്ദിര, ഒഴലപ്പതി അയ്യാസാമി എന്നിവരുടെ വീടുകൾക്കു മീതെ മരങ്ങൾ വീണ് മേൽക്കരയും ഭിത്തികളും തകർന്നു.
മൂലത്തറ, ആലംകടവ്, പാറക്കളം, നിലംപതി പാലങ്ങൾ കവിഞ്ഞൊഴുകുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ഇനിയും പുനരാരംഭിക്കാൻ കഴിഞ്ഞിട്ടില്ല.