മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഇക്കാര്യത്തിൽ അഭ്യൂഹങ്ങളൊന്നും വേണ്ടെന്നും വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ലീഗ് ആവശ്യപ്പെടുന്ന അധിക സീറ്റ് എവിടെ വേണമെന്ന് പാര്‍ട്ടി യോഗത്തിന് ശേഷം അറിയിക്കും. ലീഗിന് ലഭിക്കുന്ന സീറ്റുകളിൽ സ്ഥാനാർഥി നിർണയം സാദിഖലി ശിഹാബ് തങ്ങൾ തീരുമാനിക്കുമെന്നും എത്ര സീറ്റ് എന്നതിൽ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സമസ്തയും പാണക്കാട് തങ്ങള്‍മാരും ഐക്യത്തില്‍ തന്നെയാണ് മുന്നോട്ടുപോകുന്നത്. സമുദായ ഐക്യത്തില്‍ വിള്ളൽ വീണിട്ടില്ല. എറണാകുളം ജില്ലാ കമ്മിറ്റിയിലെ ഫണ്ട് തട്ടിപ്പ് ആരോപണം ആഭ്യന്തര വിഷയമാണ്. ഇക്കാര്യം പാർട്ടി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂരിന്റെ കൈവെട്ടു പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്നും കുഞ്ഞാലിക്കുട്ടി ഒഴിഞ്ഞുമാറി. പ്രസ്താവന അവര്‍ തന്നെ വിലയിരുത്തട്ടെ എന്നും ഇക്കാര്യത്തിൽ പ്രതികരണത്തിനില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.