സ്വന്തം ലേഖകൻ
കണ്ണൂർ: സിപിഎം അനുകൂല വിഭാഗം സംഘടിപ്പിക്കുന്ന എം.വി. രാഘവൻ ദിനാചരണത്തിന്റെ ഭാഗമായുള്ള അനുസ്മരണ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുന്നത് മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി.
ഈ മാസം ഒൻപതിന് എം.വി.ആർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റാണ് എം.വി.ആർ ദിനാചരണം സംഘടിപ്പിക്കുന്നത്.
പയ്യാന്പലത്തെ സ്മൃതി മണ്ഡപത്തിൽ നടക്കുന്ന പുഷ്പാർച്ചനയ്ക്കുശേഷം നടക്കുന്ന സെമിനാറിലാണ് കുഞ്ഞാലിക്കുട്ടി പങ്കെടുക്കുന്നത്.
കണ്ണൂർ ചേംബർ ഹാളിൽ നടക്കുന്ന പരിപാടി സഹകരണ മന്ത്രി വി.എൻ. വാസവനാണ് ഉദ്ഘാടനം ചെയ്യുന്നത്. കേരള നിർമിതിയിൽ സഹകരണ മേഖലയുടെ പങ്ക് എന്ന വിഷയത്തിലാണ് സെമിനാർ.
പാട്യം രാജൻ അധ്യക്ഷത വഹിക്കുന്ന സെമിനാർ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജനും പങ്കെടുക്കുന്നുണ്ട്.
സിപിഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ ലീഗിനെ ക്ഷണിച്ചത് യുഡിഎഫിൽ ഏറെ ചർച്ചയായിരുന്നു.
ലീഗ് ആ ക്ഷണം നിരസിച്ചെങ്കിലും ലീഗിൽ ഒരു അഭിപ്രായ ഭിന്നത സൃഷ്ടിക്കാൻ സിപിഎമ്മിന് കഴിഞ്ഞു. ഇതിനിടയിലാണ് സിപിഎം അനുകൂല എം.വി.ആർ വിഭാഗം സംഘടിപ്പിക്കുന്ന സെമിനാറിൽ പി.കെ. കുഞ്ഞാലിക്കുട്ടി പങ്കെടുക്കുന്നത്.