പാലക്കാട്: പി. കെ. ശശി എംഎൽഎയുമായി ബന്ധപ്പെട്ട വിഷയത്തിൽ പാലക്കാട് ഡിവൈഎഫ്ഐയിൽ പൊട്ടിത്തെറി. രാജിയും തരംതാഴ്ത്തലും ആരോപണങ്ങളുമായി ഭാരവാഹികളും ഇതിനെയെല്ലാംതള്ളി നേതാക്കളും രംഗത്തെത്തിയതോടെയാണ് ഡിവൈഎഫ്ഐയിൽ പൊട്ടിത്തെറി സംജാതമായിരിക്കുന്നത്.
കഴിഞ്ഞ രണ്ടുദിവസമായി എലപ്പുള്ളിയിൽ നടന്ന ഡി വൈ എഫ് ഐ ജില്ലാ പഠന ക്യാന്പിന് മുന്നോടിയായി ജില്ലാ സെക്രട്ടേറിയറ്റ് ചേർന്ന് പുനഃസംഘടന നടത്തിയിരുന്നു. ഇതിലാണ് സ്ഥാനക്കയറ്റവും തരംതാഴ്ത്തലും ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉടലെടുത്തത്.
പി.കെ.ശശിക്കെക്കെതിര സി പി എം ദേശീയ തലത്തിലും സംസ്ഥാനതലത്തിലും നേതൃത്വത്തിന് പീഡന പരാതി നൽകിയ ഡി വൈ എഫ് ഐ വനിതാ നേതാവ് സംഘടനാ ചുമതലകളിൽ നിന്ന് ഇന്നലെ രാജിവച്ചിരുന്നു. തുടർന്ന് ഫേസ്ബുക്കിൽ ഒരു കുറിപ്പും പോസ്റ്റുചെയ്തു.
ഇതോടെയാണ് സംഭവങ്ങളുടെ തുടക്കം. എം എൽ എക്കെതിരെ പരാതി നൽകിയതിന് ശേഷം സംഘടനയുടെ വിവിധ ഘടകങ്ങളിൽ പ്രവർത്തിക്കുന്ന അംഗങ്ങളിൽ നിന്ന് താൻ നിരന്തരം വേട്ടയാടപ്പെടുകയായിരുന്നു. പരാതി നൽകിയ തനിക്കൊപ്പം നിലകൊണ്ടത് വളരെ ചുരുക്കം അംഗങ്ങളായിരുന്നു. തനിക്ക് അനുകൂല നിലപാടെടുത്തതിന്റെ പേരിൽ മണ്ണാർക്കാട് നിന്നുള്ള ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി.
കൂടാതെ സംഘടനാ വേദികളിലും സമൂഹമാധ്യമങ്ങളിലും തന്നെ അവഹേളിക്കുകയും എം എൽ എക്ക് അനുകൂലമായി നിലപാട് സ്വീകരിക്കുകയും ചെയ്ത മണ്ണാർക്കാട് ബ്ലോക്ക് സെക്രട്ടറിയെ സംഘടനാ പുനസംഘടനയ്ക്ക് ശേഷം ജില്ലാ വൈസ് പ്രസിഡന്റാക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ചാണ് സംഘടനാ ചുമതലകളിൽ നിന്ന് രാജിവെക്കാൻ തീരുമാനിച്ചതെന്നും പറയുന്നു.
ഡി വൈ എഫ ഐ ജില്ലാ കമ്മിറ്റിയംഗം, മണ്ണാർക്കാട് ബ്ലോക്ക് സെക്രട്ടേറിയറ്റ് അംഗം എന്നീ ചുമതലകളിൽ നിന്നാണ് ഒഴിവായത്. പക്ഷേ, സംഘടനയിൽ തുടരുമെന്നും യുവതി പറഞ്ഞു. അതേസമയം ജില്ലാ നേതൃത്വം രാജി സ്വീകരിച്ചത് ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
യുവതിയെ പിന്തുണച്ചെന്നു പറയുന്ന ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജിനേഷിനെ തരംതാഴ്ത്തിയിരുന്നു.ഇതിനെതിരെ ജിനേഷും ആരോപണവുമായി രംഗത്തെത്തി. തരംതാഴ്ത്തൽ അപമാനിക്കുന്നതിന് തുല്യമാണെന്നായിരുന്നു ജിനേഷിന്റെ മറുപടി.
പെണ്‍കുട്ടിയുടെ പരാതിയും ഫേസ്ബുക്ക് പോസ്റ്റിനുമെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം രൂക്ഷമായി വിമർശിച്ചു. പരാതികൾ തെറ്റിദ്ധാരണമൂലമുള്ളതാണ്. പരാതികളുണ്ടെങ്കിൽ അത് പാർട്ടിഘടകത്തിനാണ് നൽകേണ്ടത്. ഫേസ്ബുക്കിൽ പോസ്റ്റിടുകയല്ല.
പെണ്‍കുട്ടിയെ പിന്തുണച്ചെന്നും എംഎൽഎയ്ക്കെതിരെയുള്ള പരാതിയിൽ പാർട്ടി ഒപ്പം നിന്നില്ല എന്നുപറഞ്ഞവരേയും തരംതാഴ്ത്തിയെന്ന ആരോപണവും ശരിയല്ല. ചിലരെ തരംതാഴ്ത്തിയത് മറ്റുള്ള കാരണങ്ങൾ കൊണ്ടാണ്. പാർട്ടിയിൽ മറ്റു പരാതികളും ലഭിച്ചിട്ടില്ലെന്നും എ.എ. റഹീം പ്രതികരിച്ചു. സംഭവങ്ങൾ വിവാദമായതോടെ ഡിവൈഎഫ്ഐയിൽ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണെന്നാണ് സൂചനകൾ.