കോട്ടയം: തന്റെ കൂട്ടുകാരുടെ വീടുകളിലിരുന്നു ചിതലുപിടിക്കാത്ത പുസ്തകങ്ങൾ ഒരുമിച്ചെടുത്തു 17-ാം വയസിൽ സ്വന്തം ഗ്രാമത്തിൽ ഗ്രന്ഥശാല ആരംഭിക്കുകയും പിന്നീട് അതു കേരളം മുഴുവൻ വ്യാപിപ്പിക്കുകയും ചെയ്ത പി.എൻ. പണിക്കർ എന്ന പുസ്തക സ്നേഹിയുടെ ഓർമയിൽ ഒരു വായനാദിനം കൂടി.
വായനയെ മറന്ന മലയാളി ലോക്ഡൗണിൽ വായനയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. ലോക്ഡൗണ്‍ കാലത്തും പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചു വായനയെ പ്രോത്സാഹിപ്പിക്കുകയാണ് ജില്ലയിലെ ആദ്യത്തെ വനിതാ ലൈബ്രറിയായ കിടങ്ങൂർ പികെവി വനിതാ ലൈബ്രറിയിലെ സ്ത്രീകൾ.
പഞ്ചായത്തിന്റെ പാലിയേറ്റീവ് കെയർ സംവിധാനത്തോടൊപ്പം ചേർന്നാണു വീടുകളിൽ പുസ്തകങ്ങളും എത്തിക്കുന്നത്. ലോക് ഡൗണ്‍ കാലത്ത് അംഗത്വം നോക്കാതെയും വരിസംഖ്യ വാങ്ങാതെയുമാണ് വീടുകളിൽ പുസ്തകങ്ങൾ എത്തിച്ചത്. 10 ദിവസം കഴിഞ്ഞു പുസ്തകങ്ങൾ തിരികെ വാങ്ങും.
ക്വാറന്റൈൻ കേന്ദ്രങ്ങളിൽ കഴിഞ്ഞിരുന്നവർക്കും ആരോഗ്യവകുപ്പിന്റെ നിർദേശാനുസരണം പുസ്തകങ്ങൾ വായനയ്ക്കായി നൽകിയിരുന്നു. വനിതകളാണ് ഇവിടുത്തെ പുസ്തക കാര്യക്കാർ. ഭരണസമിതിയംഗങ്ങളും വനിതകൾ തന്നെ. പുരുഷൻമാർക്ക് അംഗത്വമെടുക്കുന്നതിനും ലൈബ്രറി സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും അനുമതിയുണ്ട്.
2006ലാണു മുൻമുഖ്യമന്ത്രി പി.കെ. വാസുദേവൻ നായരുടെ സ്മരണയിൽ അദ്ദേഹത്തിന്റെ ജൻമനാടായ കിടങ്ങൂരിൽ വനിതാ ലൈബ്രറി ആരംഭിക്കുന്നത്. കിടങ്ങൂർ നിരവത്ത് എൻ.എസ്. ഗോപാലകൃഷ്ണൻ നൽകിയ സ്ഥലത്താണു വായനാമന്ദിരം നിർമിച്ചത്.
ആയിരത്തോളം അംഗങ്ങളും ഇരുപതിനായിരത്തിനടത്തു പുസ്തകങ്ങളുമുള്ള ജില്ലയിലെ എ പ്ലസ് ഗ്രേഡ് ലൈബ്രറിയും സംസ്ഥാനത്തെ മികച്ച വനിതാ ലൈബ്രറിയുമാണ്. പ്രഫ. മേഴ്സി ജേക്കബ് പ്രസിഡന്റും ഷീലാ റാണി സെക്രട്ടറിയുമായ 11 അംഗ ഭരണസമിതിക്കാണ് ലൈബ്രറിയുടെ മേൽനോട്ടം.