ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസമായ ഇന്നലെ ടിം പെയ്നിന്റെ ഐപിഎൽ സ്ലെഡ്ജിംഗ്. രോഹിത് ശർമ സ്പിന്നർ നഥാൻ ലിയോണിനെ നേരിടുന്പോഴായിരുന്നു വിക്കറ്റിനു പിന്നിൽനിന്ന് ഓസീസ് ക്യാപ്റ്റന്റെ സ്ലെഡ്ജിംഗ്. രോഹിത് ശർമ ഇപ്പോൾ ഒരു സിക്സർ അടിച്ചാൽ ഐപിഎലിൽ ഞാൻ മുംബൈ ഇന്ത്യൻസിനൊപ്പം കൂടും- പെയ്ൻ സ്ലിപ്പിൽനിന്ന ഫിഞ്ചിനോടായി പറഞ്ഞു.
സ്റ്റംപ് മൈക്കിലൂടെയാണ് പെയ്നിന്റെ പ്രകോപനം പുറത്തുവന്നത്.
പെയ്നും ഫിഞ്ചും രോഹിതിനെ പ്രകോപിപ്പിക്കാൻ വിക്കറ്റിനു പിന്നിൽനിന്ന് ഐപിഎൽ കാര്യങ്ങൾ പറഞ്ഞെങ്കിലും ഇന്ത്യൻ താരം കുലുങ്ങിയില്ല.
റോയൽസും മുംബൈ ഇന്ത്യൻസുമാണ് എന്റെ അവസാന രണ്ട് സംഘങ്ങൾ. രോഹിത് ലിയോണിനെ ഇപ്പോൾ ഒരു സിക്സർ പറത്തിയാൽ ഞാൻ ഇന്ത്യൻസിനൊപ്പം നിൽക്കും. റോയൽസിൽ കൂടുതൽ പോംസ് (ഇംഗ്ലീഷുകാരെ ഓസ്ട്രേലിയ, ന്യൂസിലൻഡ് ആളുകൾ വിളിക്കുന്ന പേര്) ഉണ്ട്- പെയ്ൻ പറയുന്നു. ഓസ്ട്രേലിയൻ ഫുട്ബോൾ ലീഗ് ടീമായ കോളിംഗ് വുഡിന്റെ തീം സോംഗ് ചൂളമടിച്ചുകൊണ്ടും പെയിൻ പ്രകോപനം തുടർന്നു. ഫിഞ്ചിനോട് ഐപിഎൽ വിശേഷങ്ങൾ ചോദിച്ചറിയുകയായിരുന്നു പെയ്ൻ തുടർന്ന് ചെയ്തത്.
താങ്കൾ ഏകദേശം എല്ലാ ടീമുകൾക്കായും കളിച്ചുകഴിഞ്ഞല്ലേ- പെയ്ൻ തുടർന്നു.
ബംഗളൂർ ഒഴികെ- ഫിഞ്ചിന്റെ മറുപടി.
ബംഗളൂർ ഒഴികേ? പെയിനിന്റെ എടുത്തുള്ള ചോദ്യം.
ഫിഞ്ച് ഐപിഎലിൽ രാജസ്ഥാൻ, ഡൽഹി, പൂന, ഹൈദരാബാദ്, മുംബൈ എന്നിവയ്ക്കായി കളിച്ചിട്ടുണ്ട്.
പെർത്ത് ടെസ്റ്റിൽ മുരളി വിജയ് ക്രീസിൽനിൽക്കുന്പോഴായിരുന്നു പെയ്നിന്റെ സ്ലെഡ്ജിംഗ്. പെർത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും പെയ്നും നേർക്കുനേർ കൊന്പുകോർത്തപ്പോൾ അന്പയർ ഇടപെട്ടായിരുന്നു പ്രശ്നം തണുപ്പിച്ചത്.