ഭാര്യയുമായി വഴക്കിട്ട പൈലറ്റ് വിമാനം പറത്തി വീട്ടില്‍ ഇടിച്ചിറക്കി. ഭര്‍ത്താവു മരിച്ചു. വീട്ടിലുണ്ടായിരുന്ന ഭാര്യയും കുഞ്ഞും രക്ഷപ്പെട്ടു. യുഎസിലെ യൂട്ടായിലാണു സംഭവം. നാല്പത്തേഴുകാരനായ ഡ്യുവേന്‍ യൗദ് ആണു മരിച്ചത്.
ഇയാള്‍ കൂടെക്കൂടെ ഭാര്യയുമായി വഴക്കിടാറുണ്ടായിരുന്നു. ഞായറാഴ്ച ദമ്പതികള്‍ വീടിനു പുറത്തുവച്ചു വഴക്കിട്ടു. ഭര്‍ത്താവ് ഭാര്യയെ മര്‍ദിച്ചു. കണ്ടുനിന്നവര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി യൗദിനെ അറസ്റ്റ് ചെയ്തു. രാത്രി ജാമ്യത്തില്‍ വിട്ടു. പിറ്റേന്ന് ഉച്ചയ്ക്കാണ് ഇരട്ട എന്‍ജിനുള്ള സെസ്‌ന 525 ചെറുവിമാനം പേസണ്‍ നഗരത്തിലെ വീട്ടിലേക്ക് ഇടിച്ചിറക്കിയത്. വൈദ്യുതി ലൈനുകളും അയല്‍വീടുകളും കഷ്ടിച്ച് ഒഴിവാക്കിയാണ് സ്വന്തം വീട്ടില്‍ത്തന്നെ വിമാനം ഇടിച്ചിറക്കിയത്.
ഇരുനില വീടിന്റെ ഒരുഭാഗം കത്തിയമര്‍ന്നു. ഭാഗ്യത്തിന് ഭാര്യക്കും കുഞ്ഞിനും അപകടമൊന്നും സംഭവിച്ചില്ല. കുഞ്ഞ് ഇയാളുടേത് തന്നെയാണോയെന്നു വ്യക്തമല്ല. പൂര്‍ണമായി തകര്‍ന്ന വിമാനം യൗദിനു ജോലി നല്കിയിരുന്ന ആളുടേതാണെന്നാണു കരുതുന്നത്. നാലു ലക്ഷം ഡോളര്‍ വിലയുള്ള 2700 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടാണു നശിച്ചത്.
ഗാര്‍ഹികപീഡനത്തിന് ഏപ്രിലിലും യൗദ് അറസ്റ്റിലായിരുന്നു. യുഎസില്‍ അടുത്ത ദിവസങ്ങളിലുണ്ടാകുന്ന രണ്ടാമത്തെ വിമാനദുരന്തമാണിത്. വെള്ളിയാഴ്ച സിയാറ്റിലിലെ ടകോമ വിമാനത്താവളത്തില്‍നിന്ന് ഒരാള്‍ വിമാനം മോഷ്ടിച്ചു പറത്തുകയും വൈകാതെ തകര്‍ന്നുവീണു മരിക്കുകയും ചെയ്തിരുന്നു.