ഒരു വിമാനം ശക്തമായ കാറ്റില്പ്പെട്ടാല് എന്തു സംഭവിക്കും. എന്തും സംഭവിക്കാം. പൈലറ്റിന്റെയും ദൈവത്തിന്റെയും കൈയ്യിലാകും പിന്നീട് യാത്രക്കാരുടെ സുരക്ഷിതത്വം. കാറ്റില്‍ ആടിയുലഞ്ഞ് ഒരു വിമാനം ലാന്‍ഡ് ചെയ്യുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നെഞ്ചിടിപ്പേറ്റി പ്രചരിക്കുന്നു. ബര്‍മിംഗ്ഹാം വിമാനത്താവളത്തില്‍ ലാന്റിങിനിടെ എയര്‍ബസ് എ321 വിമാനമാണ് ശക്തമായ കാറ്റില്‍പെട്ടത്.
വിമാനം ലാന്റിംഗിന് ശ്രമിക്കുന്നതിനിടെ വീശിയടിച്ച കാറ്റില്‍ വിമാനത്തിന്റെ ഗതി തെറ്റിയപ്പോള്‍ പൈലറ്റ് വിമാനമുയര്ത്തി ആദ്യം അപകടമൊഴിവാക്കി. അല്പം കഴിഞ്ഞ് വീണ്ടും ലാന്റിങിന് ശ്രമിക്കുമ്പോള്‍ കാറ്റ് വീണ്ടും വില്ലനായെത്തി. എന്നാല്‍, ഇത്തവണ രണ്ടും കല്പിച്ച് നിലത്തിറക്കാനായിരുന്നു പൈലറ്റിന്റെ തീരുമാനം. കാറ്റില്‍ കടലാസുപോലെ ആടിയുലഞ്ഞെങ്കിലും ഒരുവിധം ഒറ്റ ടയറില്‍ പൈലറ്റ് നിലത്തിറക്കി. പൈലറ്റിന്റെ അനുഭവസമ്പത്ത് തന്നെയാണ് യാത്രക്കാരുടെ ജീവന് രക്ഷിച്ചത്. വിമാനത്താവളത്തില്‍ ഉണ്ടായിരുന്ന ഏതോ യാത്രക്കാരനാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.