കോട്ടയം: നിർമാണം പൂർത്തിയാക്കിയ റെയിൽവേ മേൽപ്പാലം തുറന്നുകൊടുക്കുന്നതിനെച്ചൊല്ലി വകുപ്പ് തല ശീതസമരം. കഞ്ഞിക്കുഴി റെയിൽവേ മേൽപ്പാലം ഇന്നോ നാളെയോ തുറക്കാൻ ധാരണയായിരുന്നു. ക്രിസ്മസ് നഗരത്തിരക്കിനും ഗതാഗതക്കുരുക്കിനും പരിഹാരമായി മേൽപ്പാലം തുറക്കാനുള്ള നീക്കം റെയിൽവേ അധികൃതരിൽ ചിലരുടെ കടുംപിടിത്തത്തെത്തുടർന്ന് അനിശ്ചിതമായി മുന്നോട്ടുപോകുകയാണ്.
പാലം പണിയും കോണ്‍ക്രീറ്റിംഗും സംരക്ഷണഭിത്തിയും പൂർത്തിയായി ഗതാഗതത്തിനു തുറന്നുകൊടുക്കാവുന്ന നിലയിലായിട്ട് ഒരാഴ്ചായി. കോണ്‍ക്രീറ്റ് ബലപ്പെട്ടുവരുന്നതേയുള്ളു എന്ന സാങ്കേതിക ന്യായം നിരത്തിയാണ് തുറക്കൽ അടുത്തയാഴ്ച മതിയെന്നു നിശ്ചയിച്ചിരിക്കുന്നത്.
പാലം തുറന്നാലുടൻ പ്ലാന്റേഷൻ കോർപ്പറേഷനു മുന്നിലൂടെയുള്ള താത്കാലിക റോഡ് അടയ്ക്കാനും ബിഎസ്എൻഎൽ, വാട്ടർ അതോറിട്ടി ലൈനുകൾ പുനഃസ്ഥാപിക്കാനും തീരുമാനമായതാണ്. കഞ്ഞിക്കുഴി പാലം തുറന്നാലുടൻ റബർ ബോർഡ് ആസ്ഥാനത്തിനു മുന്നിലെ മേൽപ്പാലത്തിന്റെ പുനർനിർമാണം തുടങ്ങും.