കോല്‍ക്കത്ത: പ്ലാന്റേഷന്‍ തൊഴിലാളികളുടെ വേതനം വൈകും. കറന്‍സി നിരോധനം മൂലം പണം സംഘടിപ്പിക്കാന്‍ വൈകുന്നതാണ് ഇതിനു കാരണം. രാജ്യത്തെ 54 ശതമാനം തേയില ഉത്പാദിപ്പിക്കുന്ന ആസാമില്‍ ഈ മാസം ജില്ലാ മജിസ്‌ട്രേറ്റ് മുഖേന തൊഴിലാളികളുടെ വേതനം നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. എല്ലാ തൊഴിലാളികള്‍ക്കും ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചെങ്കിലും സംഗതി മെല്ലെപ്പോക്കിലാണ്.
സംസ്ഥാനത്തെ 50 ശതമാനം തോട്ടം തൊഴിലാളികള്‍ അധിവസിക്കുന്ന സ്ഥലങ്ങളില്‍ ആവശ്യാനുസൃതമായ ബാങ്കുകള്‍ ഇല്ലെന്നതാണ് നടപടിയുടെ നടത്തിപ്പിനെ അവതാളത്തിലാക്കിയത്. നിലവിലെ സാഹചര്യത്തില്‍ ഒരു ദിവസം 50 പേര്‍ക്കു മാത്രമാണ് ഇവിടങ്ങളില്‍ അക്കൗണ്ട് തുടങ്ങാന്‍ സാധിക്കുക.
എന്നാല്‍ പണമായി ഇത്രയുംനാള്‍ വേതനം കൈപ്പറ്റിയിരുന്ന തൊഴിലാളികളെ പെട്ടെന്നു കാര്‍ഡ് വിനിമയത്തിലേക്ക് മാറ്റുക എന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.