മൂലമറ്റം: കോളപ്ര തലയനാട് പള്ളിയുടെ സമീപം പ്രവർത്തിക്കുന്ന വാട്ടർ അഥോറിറ്റിയുടെ ശുദ്ധജല പ്ലാന്റിലെ ക്ലോറിൻ ചോർന്നത് പരിഭ്രാന്തി പരത്തി. ഇന്നലെ വൈകുന്നേരം 5.30നായിരുന്നു സംഭവം.
കോള പ്ര പന്പ് ഹൗസിൽ നിന്നും പന്പിംഗ് നടത്തുന്ന വെള്ളം ഈ പ്ലാന്റിൽ എത്തിച്ച് ശുദ്ധീകരിച്ചാണ് കോടിക്കുളം, വണ്ണപ്പുറം, ഉടുന്പന്നൂർ, കരിമണ്ണൂർ, ആലക്കോട് എന്നീ അഞ്ചു പഞ്ചായത്തുകളിൽ വിതരണം ചെയ്യുന്നത്.
ഇതിനായി ഒരു ടണ്‍ ക്ലോറിൻ സൂക്ഷിക്കുന്ന സിലണ്ടറിന്റെ വാൽവിന്റെ ഭാഗത്താണ് ചോർച്ചയുണ്ടായത്. ക്ലോറിൻ വെള്ളവുമായി കലരുന്ന ഭാഗത്ത് ചോർച്ച ഉണ്ടായത് കൊണ്ടാണ് വലിയ അപകടം ഒഴിവായത്. മൂലമറ്റം, തൊടുപുഴ എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് ചോർച്ച ഉണ്ടായ വാൽവിന്റെ ഭാഗം അടച്ച് സുരക്ഷിതമാക്കി.
കോളപ്ര പാലത്തിൽ വലിയ വാഹനങ്ങൾക്ക് കടന്നു പോകാൻ സൗകര്യം ഇല്ലാത്തതിനാൽ കൂടുതൽ ദൂരം സഞ്ചരിച്ചാണ് ഫയർഫോഴ്സ് വാഹനങ്ങൾ എത്തിയത്. മുട്ടം, കാഞ്ഞാർ പോലീസും സ്ഥലത്തെത്തിയിരുന്നു.