യൗവനം നിലനിർത്താൻ ദേവൻമാർ പാലാഴി കടഞ്ഞെടുത്ത കഥ പുരാണങ്ങളിൽ നാം കേട്ടിട്ടുണ്ട്. എന്നാൽ ഈ ആധുനിക യുഗത്തിലും യുവത്വം കാത്തു സൂക്ഷിക്കാൻ പാടുപെടുന്നവരും ഉണ്ട്. യൗവനം നിലനിർത്താൻ കോടികൾ ചെലവാക്കുന്നൊരു കോടീശ്വരനെ അത്ര പെട്ടെന്നൊന്നും ആരും മറക്കില്ല.
47 -ാം വയസ്സിൽ തന്റെ യുവത്വം നിലനിർത്താൻ ഒരു വർഷം 16 കോടി രൂപയാണ് ഇദ്ദേഹം മുടക്കുന്നത്. മരണത്തെ വെല്ലുവിളിക്കുന്നവൻ’ എന്നറിയപ്പെടുന്ന അമേരിക്കൻ ശതകോടീശ്വരൻ ബ്രയാൻ ജോൺസൺ ആണ് ഇദ്ദേഹം.
ശാരീരികമായ പ്രായം കുറയ്ക്കുന്നതിനായി 16 -കാരനായ മകന്റെ രക്തത്തിലെ പ്ലാസ്മ സ്വന്തം ശരീരത്തിലേക്ക് കയറ്റിക്കൊണ്ടുള്ള ഇദ്ദേഹത്തിന്റെ പരീക്ഷണം വളരേ ശ്രദ്ധ നേടിയതാണ്. ഇപ്പോഴിതാ തന്റെ ശരീരത്തിന് ആവശ്യമായ പ്ലാസ്മ സെല്ലുകൾ ലഭിച്ചു കഴിഞ്ഞുവെന്നും അതിനാൽ മകന്റെ രക്തത്തിൽ നിന്നു പ്ലാസ്മ സ്വീകരിക്കുന്നത് താൻ നിർത്തിയെന്നും അദ്ദേഹം വെളിപ്പെടുത്തിയ വാർത്തയാണ് വൈറലാകുന്നത്.
കൂടാതെ ആർക്കെങ്കിലും ആവശ്യമുണ്ടെങ്കിൽ തന്റെ രക്തത്തിലെ പ്ലാസ്മാ സെല്ലുകൾ നൽകാൻ തയാറാണ് എന്നും തമാശരൂപേണ പ്രഖ്യാപിച്ചിരിക്കുകയാണ് ബ്രയാൻ ജോൺസൺ.