നിലന്പൂർ: വീട്ടിൽനിന്നു വീണ് വലതുകൈയ്ക്ക് ചതവുപറ്റിയ ആദിവാസി ബാലന് ഇടതു കൈയ്ക്ക് പ്ലാസ്റ്ററിട്ട് നിലന്പൂർ ജില്ലാ ആശുപത്രിയിലെ ഓർത്തോ വിഭാഗം.
ചുങ്കത്തറ നെല്ലിപ്പൊയിൽ ആദിവാസി കോളനിയിലെ പുതുപറന്പിൽ ഗോപിയുടെ ആറു വയസുകാരനായ മകൻ വിമലിനാണ് തെറ്റി പ്ലാസ്റ്ററിട്ടത്.
എക്സ്-റേയിൽ വലതുകൈ എന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടിയെ ഇന്നലെ രാവിലെ പത്തോടെയാണ് ജില്ലാ ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഓർത്തോ വിഭാഗം ഡോക്ടറെ കാണിച്ചത്.
ഡോക്ടറുടെ നിർദേശപ്രകാരം പൊട്ടിയ വലതുകൈയുടെ എക്സ്-റേയും എടുത്തു. ഡോക്ടർ എക്സ്-റേ പരിശോധിച്ച ശേഷം ഒരാഴ്ച പ്ലാസ്റ്റർ ഇടാൻ നിർദേശിക്കുകയായിരുന്നു.
എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിംഗ് അസിസ്റ്റന്റ് കുട്ടിയുടെ ഇടതു കൈക്ക് പ്ലാസ്റ്റർ ഇടുകയായിരുന്നു. പ്ലാസ്റ്റർ ഇട്ടശേഷം വീട്ടിലെത്തിച്ചതോടെ വലതുകൈ അനക്കാനാവാതെ കുട്ടി കരഞ്ഞു.
ഇതേ തുടർന്നാണ് പരിക്കുപറ്റിയ കൈക്കല്ല പ്ലാസ്റ്ററിട്ടതെന്ന് വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. പിന്നീട് വീണ്ടും ജില്ലാ ആശുപത്രിയിലെത്തി ഇടതുകൈയിലെ പ്ലാസ്റ്റർ വെട്ടിമാറ്റി അത്യാഹിത വിഭാഗത്തിലെ ഡോക്ടറുടെ നേതൃത്വത്തിൽ വലതു കൈയ്ക്ക് തന്നെ പ്ലാസ്റ്റർ ഇടുകയായിരുന്നു.